കൊച്ചി: സംസ്ഥാനത്തെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ പൊലീസിനെ ഏൽപ്പിച്ച നടപടി അശാസ്ത്രീയവും അസംബന്ധവുമാണെന്ന് യു.ഡി.എഫ് കൺവീനർ ബെന്നി ബഹനാൻ എം.പി പറഞ്ഞു. ലോകത്തെവിടെയും പകർച്ച വ്യാധിക്കെതിരെയുള്ള പോരാട്ടത്തിന് നേതൃത്വം നൽകുന്നത് ആരോഗ്യവിദഗ്ദ്ധരും ആരോഗ്യസംഘടനകളും ദുരന്തനിവാരണ സമിതികളുമാണ്. ഇവരെയെല്ലാം അകറ്റിനിർത്തി സംസ്ഥാനത്തെ പ്രതിരോധ പ്രവർത്തനങ്ങൾ പൊലീസിന്റെ നിയന്ത്രണത്തിലാക്കാൻ ആരാണ് തീരുമാനം എടുത്തതെന്നും മന്ത്രിസഭായോഗം ഇക്കാര്യങ്ങൾ ചർച്ചചെയ്തിട്ടുണ്ടോയെന്നും വ്യക്തമാക്കണം.

കൊവിഡിനെ പൊതുജനാരോഗ്യ വിഷയമായി കാണുന്നതിന് പകരം ക്രമസമാധാന പ്രശ്‌നമായി കണ്ട് പരിപൂർണമായി പൊലീസിനെ ഏൽപ്പിച്ചത് സംസ്ഥാനത്തെ പൊലീസ് രാജിലേക്ക് നയിക്കും. ഇക്കാര്യത്തിൽ ഇടത് മുന്നണിയിലെ മറ്റു ഘടകകക്ഷികളുടെ നിലപാട് അറിയാൻ താത്പര്യമുണ്ടെന്നും ബെന്നി ബഹനാൻ പറഞ്ഞു.