കരുമാല്ലൂർ: കരുമാല്ലൂർ ഗ്രാമ പഞ്ചായത്തിലെ കർഫ്യൂ പിൻവലിച്ചെങ്കിലും കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നിയന്ത്രണങ്ങൾ ഭാഗികമായി തുടരാൻ പഞ്ചായത്ത് പ്രസിഡന്റ് ജി.ഡി. ഷിജുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന വിവിധ വകുപ്പുകളുടെ യോഗം തീരുമാനിച്ചു. പഞ്ചായത്ത് അതിർത്തിയിൽ യു.സി കോളേജ് കവല ഒഴികെയുള്ള എല്ലാ വ്യാപാര സ്ഥാപനങ്ങളും രാവിലെ ഏഴ് മുതൽ വൈകീട്ട് അഞ്ച് വരെ തുറന്ന് പ്രവർത്തിക്കാവുന്നതാണ്. യു.സി. കോളേജിലുള്ള മത്സ്യ - മാംസ മാർക്കറ്റുകൾ ഒഴികെയുള്ള ഹോട്ടലുകൾ, സൂപ്പർ മാർക്കറ്റുകൾ ഉൾപ്പെടെയുള്ള വ്യാപാര സ്ഥാപനങ്ങൾ രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ച് വരെ തുറന്ന് പ്രവർത്തിക്കും. പഞ്ചായത്ത് അതിർത്തിയിലുള്ള ബാങ്കുകൾ, ധനകാര്യ സ്ഥാപനങ്ങൾ രാവിലെ പത്ത് മുതൽ വൈകീട്ട് അഞ്ച് വരെ പ്രവർത്തനം സമയം. ജീവനക്കാരുടെ എണ്ണം കുറക്കണം. ഹോട്ടലുകൾ, റസ്റ്റോറന്റുകൾ തുടങ്ങിയ സ്ഥാപനങ്ങൾ രാവിലെ ഏഴു മുതൽ വൈകീട്ട് അഞ്ചു വരെ സാധാരണ നിലയിലും, അഞ്ച് മുതൽ ഏഴ് വരെ പാഴ്സൽ സൗകര്യത്തോടെ തുറക്കാം.
# ഞായറാഴ്ച്ച സമ്പൂർണ ലോക്ക് ഡൗൺ
പഞ്ചായത്ത് അതിർത്തിയിൽ ഞായറാഴ്ചകളിൽ സമ്പൂർണ ലോക്ക്ഡൗണായിരിക്കും.യു.സി.കോളേജിലുള്ള മത്സ്യ,മാംസ മാർക്കറ്റുകൾ ഇനി ഒരറിയിപ്പുണ്ടാകുന്നത് വരെ അടച്ചിടും.നിശ്ചയിച്ച വിവാഹങ്ങൾ ഒഴികെ മറ്റൊരു ചടങ്ങുകളും അനുമതി കൂടാതെ നടത്തുവാൻ പാടില്ല. രാഷ്ട്രീയ പാർട്ടികൾ, മത സംഘടനകൾ ഇവരുടെ നേതൃത്വത്തിൽ പരിപാടികളും നടക്കാൻ പാടില്ല. സ്വകാര്യ ഗ്രൗണ്ടുകൾ ഉൾപ്പടെയുള്ള ഇടങ്ങളിൽ കുട്ടികളുടെ ഒത്തുചേരലുകളും, കളികളും ഒഴിവാക്കണം. കൂട്ടം കൂടി നിൽകുന്നവർ, മാസ്ക് കൃത്യമായി ധരിക്കാത്തവർ ഇവരെ കണ്ടെത്തി പിഴ ഈടാക്കും.