പള്ളുരുത്തി: ഇനി ആന്റണി പറയും. അങ്കണവാടിയിൽ നിന്ന് കുടുംബവുമായി എഴുപുന്നയിലേക്ക് പോകും. നെടുമ്പിള്ളി സ്വദേശി സേവ്യർ തന്ന സ്ഥലത്ത് ഒരു കൊച്ച് വീട് വച്ച് താമസിക്കും. കൊച്ചിയെ വിറപ്പിച്ച കടൽക്ഷോഭത്തിൽ വീട് നഷ്ടപ്പെട്ട ചെല്ലാനം പൊള്ളയിൽ ആന്റണിയും ഭാര്യ മേരിയും മൂന്ന് മക്കളും ഒരാഴ്ചയായി അങ്കണവാടിയിലാണ് കഴിയുന്നത്. പുറമ്പോക്ക് ഭൂമിയിലെ കുടിലിലായിരുന്നു ഇവർ താമസിച്ചിരുന്നത്. കടൽ വീടും ആകെയുള്ള സമ്പാദ്യവും കവർന്നെടുത്തു. ആന്റണിയുടെ ദുരവസ്ഥയറിഞ്ഞ സേവ്യർ സഹായ ഹസ്തവുമായി എത്തുകയായിരുന്നു. സേവ്യർ തന്റെ മൂന്ന് സെന്റ് സ്ഥലം ആന്റണിക്ക് നൽകി.
മത്സ്യത്തൊഴിലാളിയാണ് ആന്റണി.തുച്ഛമായ കൂലിയിൽ നിന്നും സ്വരുക്കൂട്ടിയാണ് പുറമ്പോക്കിൽ ചെറിയ കൂര പണിതത്. ഇതിനിടെ അസുഖ ബാധിതനായി. ജോലിയെടുക്കാൻ ആരോഗ്യം അനുവദിക്കുന്നില്ലെങ്കിലും കുടുംബത്തിന്റെ പട്ടിണിമാറ്റാൻ പണിക്ക് പോയി തുടങ്ങി. ഇതിനിടെയാണ് കൊവിഡും പിന്നാലെ കടലാക്രമണുണ്ടായത്.
അങ്കണവാടിയിൽ നിന്നിറങ്ങിയാൽ ഇനി എങ്ങോട്ട് എന്ന ചോദ്യത്തിന് മുന്നിൽ പകച്ച് നിൽക്കെയാണ് സഹായവുമായി സേവ്യർ എത്തിയത്. സ്വന്തമായി ഭൂമി ലഭിച്ചെങ്കിലും അതിൽ ഒരു വീടുവയ്ക്കാൻ സുമനസുകൾ കനിയണം. സ്ഥലം അളന്ന് തിട്ടപ്പെടുത്തി കിട്ടാൻ വില്ലേജാഫീസർക്ക് അപേക്ഷ നൽകി കാത്തിരിക്കുകയാണ് ആന്റണിയും കുടുംബവും.