ആലുവ: ചികിത്സ നിഷേധത്തെയും മരണത്തെയും തുടർന്ന് വിവാദത്തിലായ ജില്ലാ ആശുപത്രിയുടെ പേരിൽ ആലുവയിൽ
രാഷ്ട്രീയ പേര്. സി.പി.എം, കോൺഗ്രസ്, ബി.ജെ.പി മുന്നണികളെല്ലാം പരസ്പരം ആരോപണം ഉന്നയിക്കുകയാണ്. ആശുപത്രിക്കനുകൂലമായ നിലപടാണ് സി.പി.എം സ്വീകരിക്കുന്നതിൽ കോൺഗ്രസും ബി.ജെ.പിയും ശക്തമായ പ്രതിഷേധിച്ചു. അതേസമയം, ആശുപത്രിയെ പ്രത്യക്ഷത്തിൽ സംരക്ഷിക്കുന്ന നിലപാടാണ് കെ.പി.സി.സി ജനറൽ സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ബി.എ. അബ്ദുൾ മുത്തലിബ് സ്വീകരിക്കുന്നത്.
നാണയം വിഴുങ്ങിയ മൂന്ന് വയസുകാരന് ചികിത്സ നിഷേധിക്കുകയും ഒടുവിൽ മരണത്തിന് കീഴടങ്ങുകയും ചെയ്ത സംഭവമാണ് പോര് രൂക്ഷമാക്കിയത്. കഴിഞ്ഞയാഴ്ച്ച സെക്യൂരിറ്റി ജീവനക്കാരന് ചികിത്സ നിഷേധിക്കുകയും ആംബുലൻസിൽ കിടന്ന് മരിക്കുകയും ചെയ്തിരുന്നു. മൂന്ന് മാസം മുമ്പ് മരിച്ച രോഗിയെ വിദഗ്ധ ചികിത്സക്ക് നിർദേശിച്ച് എറണാകുളം ജനറൽ ആശുപത്രിയിലേക്ക് ഓട്ടോയിൽ തന്നെ മടക്കിയയച്ച സംഭവവും ഉണ്ടായി. ഇതിനെല്ലാം പുറമെ ഇടപ്പള്ളിയിൽ ഓട്ടോ മറിഞ്ഞ് മരിച്ച തായിക്കാട്ടുകര സ്വദേശി ലക്ഷ്മണന്റെ പോസ്റ്റ്മാർട്ടം നാല് ദിവസം വൈകിയതും വിവാദമായി.
# എം.എൽ.എയ്ക്കെതിരെ വിമർശനം
മൂന്ന് പാർട്ടികളും ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ പരസ്പരം ആക്ഷേപിക്കുകയാണ്.
കൊവിഡ് രോഗപ്രതിരോധത്തിനായി രാപകലില്ലാതെ കഷ്ടപ്പെടുന്ന ആരോഗ്യപ്രവർത്തകരുടെ മനോവീര്യം തകർക്കുന്ന നിലയിലാണ് എം.എൽ.എയിൽ നിന്നും ഉണ്ടാകുന്നതെന്നാണ് സി.പി.എം ആരോപിക്കുന്നത്. ആശുപത്രികളിൽ സംഘടിച്ച് കൊവിഡ് വ്യാപനത്തിന് എം.എൽ.എയുടെ അനുയായികൾ ശ്രമിക്കുകയാണെന്നും സി.പി.എം ആരോപിക്കുന്നു.
തായിക്കാട്ടുകരയിൽ മരണപ്പെട്ട ലക്ഷ്മണന്റെ കുടുംബത്തെ ആശ്വസിപ്പിക്കാൻ പോലും എം.എൽ.എ എത്തിയില്ല.
# സി.പി.എമ്മും കോൺഗ്രസും നാടകം കളിക്കുന്നു: ബി.ജെ.പി
ലക്ഷ്മണന്റെ അയൽവാസിയായ ബി.ജെ.പി നേതാവ് മറ്റുള്ളവരെ തെറ്റിദ്ധരിപ്പിച്ച് പോസ്റ്റ്മാർട്ടം വൈകിപ്പിച്ചു. പോസ്റ്റ്മാർട്ടം വൈകിയതിന്റെ പേരിൽ കുറ്റപ്പെടുത്തുന്ന ആരെയും കൊവിഡ് പ്രൊട്ടോക്കോൾ പാലിച്ച് സംസ്‌കാര സ്ഥലത്ത് കണ്ടില്ലെന്നും സി.പി.എം ആരോപിക്കുന്നു.
സി.പി.എമ്മും കോൺഗ്രസും നാടകം കളിക്കുകയാണെന്നാണ് ബി.ജെ.പി പറയുന്നത്.
#കേസ് എടുത്തതിലും ഒത്തുകളിയെന്ന് ബി.ജെ.പി
ആശുപത്രിയിൽ പൊലീസുമായി ബലപ്രയോഗം നടത്തിയവർക്കെതിരെ കേസില്ല. വിവരം തിരക്കാനെത്തിയ ബി.ജെ.പി നേതാക്കൾക്ക് ജാമ്യമില്ലാത്ത വകുപ്പിൽ കേസ്. സി.പി.എം കോൺഗ്രസ് ഒത്തുകളിയുടെ ഭാഗമാണിതെന്നും ബി.ജെ.പി ആരോപിക്കുന്നു.