1
നഗരസഭ ചെയർപേഴ്സൻ ഉഷ പ്രവീൺ ആദ്യ ടെസ്റ്റിന് വിധേയയായി ഉത്‌ഘാടനം ചെയ്യുന്നു

തൃക്കാക്കര : തൃക്കാക്കര നഗര സഭയിൽ ആശാവർക്കർക്കും നഗരസഭ താത്കാലിക ജീവനക്കാരനും കൊവിഡ് സ്ഥിരീകരിച്ചു.ഇന്നലെ തൃക്കാക്കര നഗരസഭയിൽ ആരംഭിച്ച ആന്റി ബോഡി ടെസ്റ്റിലാണ് രോഗം സ്ഥിരീകരിച്ചത്. നഗരസഭയിലെ തെക്കൻ മേഖലയിലെ ആശാവർക്കർക്കാണ് രോഗം ബാധിച്ചത്. തൃക്കാക്കര നഗരസഭയിലെ മാലിന്യം ശേഖരിക്കുന്ന വാഹനത്തിന്റെ ഡ്രൈവറാണ് മറ്റൊരാൾ.ഇവരെ കളമശേരിയിലെ ക്വറന്റൈൻ കേന്ദ്രത്തിലേക്ക് മാറ്റി. തൃക്കാക്കരയിൽ രോഗബാധിതരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിലാണ് ഇന്നലെ ആന്റി ബോഡി ടെസ്റ്റ് ആരംഭിച്ചത്.

രാവിലെ നഗരസഭയിൽ വച്ച് നടന്ന ചടങ്ങിൽ തൃക്കാക്കര നഗരസഭ ചെയർപേഴ്സൻ ഉഷ പ്രവീൺ ആദ്യ ടെസ്റ്റിന് വിധേയമായി.വൈസ്.ചെയർമാൻ കെ.ടി എൽദോ മുൻസിപ്പൽ സെക്രട്ടറി പി.എസ് ഷിബു തുടങ്ങിയവർ പങ്കെടുത്തു.തൃക്കാക്കര നഗരസഭയിലെ വിവിധ വാർഡുകളിൽ മാലിന്യം ശേഖരിക്കുന്ന ഹരിത കർമ്മസേനയിലെ അംഗങ്ങൾ,ആശാവർക്കർമാർ,നഗരസഭ കണ്ടീജൻ ജീവനക്കാർ എന്നിങ്ങനെ 190 പേർക്ക് ഇന്നലെ പരിശോധനയ്ക്ക് വിധേയമായി. നഗരസഭ ജീവനക്കാർ,കൗൺസിലർമാർ എന്നിവർക്ക് ഇന്ന് പരിശോധന നടത്തും. ഹിന്ദുസ്ഥാൻ ലാറ്റക്സിന്റെ നേതൃത്വത്തിലാണ് പരിശോധന.