കൊച്ചി: കൊവിഡ് കാലത്തും ലയൺസ് ക്ളബിന്റെ പ്രവർത്തനങ്ങൾ മാതൃകപരമാണെന്ന് ടി.ജെ. വിനോദ് എം.എൽ.എ പറഞ്ഞു. അന്യസംസ്ഥാന തൊഴിലാളികളുടെ മക്കൾക്ക് പഠനത്തിനായി ടിവിയും ആലുവയിൽ നാണയം വിഴുങ്ങി ഗുരുതരാവസ്ഥയിലായ കുട്ടിയെ ആശുപത്രിയിൽ എത്തിച്ച ആട്ടോഡ്രൈവറെ ആദരിക്കുകയും ചെയ്യുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ലയൺസ് ക്ലബ് ഒഫ് കൊച്ചിൻ സൗത്തിന്റെയും ചാവറ ഫാമിലി വെൽഫെയർ സെന്ററിന്റെയും സംയുക്താഭിമുഖ്യത്തിൽ കരിത്തല സെന്റ് ജോസഫ് യു.പി സ്കൂളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കാണ് ടിവി നൽകിയത്. നാണയം വിഴുങ്ങിയ കുഞ്ഞിനെ ആശുപത്രിയിൽ എത്തിക്കാൻ മുന്നിട്ടിറങ്ങി നാടിനാകെ മാതൃകയായ ആട്ടോഡ്രൈവർ ബാബു വർഗീസിനെ ചടങ്ങിൽ ആദരിച്ചു. പാരിതോഷികമായി 15000 രൂപ നൽകി. എറണാകുളം ചാവറ കൾച്ചറൽ സെന്ററിൽ നടന്ന ചടങ്ങിൽ ഫാ. റോബി കണ്ണൻചിറ , ലയൺസ് ക്ലബ് ഡിസ്ട്രിക്ട് കാബിനറ്റ് സെക്രട്ടറി അത്താവുദ്ദീൻ, റീജിയൻ ചെയർമാൻ പൗലോസ് കെ മാത്യു, ജോൺസൺ. സി . എബ്രഹാം തുടങ്ങിയവർ സംസാരിച്ചു.