ഫോർട്ടുകൊച്ചി: തുരുത്തി സ്വദേശി ബഷീർ (62) മരിച്ചത് അധികാരികളുടെ അനാസ്ഥ മൂലമാണെന്ന് ബന്ധുക്കൾ. പനി ബാധിച്ച ഇയാളെ ആശുപത്രിയിൽ എത്തിക്കാൻ അധികൃതർ ആംബുലൻസ് വിട്ട് നൽകിയില്ല. മരണ ശേഷവും ആംബുലൻസ് എത്താൻ മണിക്കൂറുകൾ വൈകി. അടച്ചു പൂട്ടിയ സ്ഥലത്ത് പനി ബാധിച്ച രോഗിയെ ആശുപത്രിയിൽ കൊണ്ടുപോകാൻ പൊലീസോ, ആശുപത്രി അധികാരികളോ, ആരോഗ്യ പ്രവർത്തകരോ തയ്യാറായില്ലെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.പനി കൂടിയതിനെ തുടർന്ന് കട്ടിലിൽ നിന്നും ബഷീർ താഴെ വീഴുകയായിരുന്നു. തുടർന്ന് രാത്രി പതിനൊന്നരയോടെ ആംബുലൻസ് വന്ന് ആശുപത്രിയിൽ എത്തിച്ചപ്പോൾ ഇയാൾ മരിച്ചിരുന്നു. തുടർന്ന് കളമശേരി മെഡിക്കൽ കോളേജിൽ എത്തി നടത്തിയ ടെസ്റ്റിലാണ് രോഗം സ്ഥിരീകരിച്ചതെന്ന് സഹോദരൻ ഇല്യാസ് അറിയിച്ചു.സംഭവത്തിൽ ബന്ധപ്പെട്ട അധികാരികൾക്ക് പരാതി നൽകി.സംഭവത്തിൽ അന്വഷിച്ച് കുറ്റക്കാരെ കണ്ടെത്തി ശിക്ഷാ നടപടികൾ സ്വീകരിക്കാത്ത പക്ഷം പ്രക്ഷോഭവുമായി മുന്നോട്ടു പോകുമെന്ന് യു.ഡി.എഫ് കൊച്ചി മണ്ഡലം കമ്മറ്റി ഭാരവാഹികളായ പി.എച്ച്.നാസർ, എൻ.കെ.നാസർ എന്നിവർ അറിയിച്ചു.