കൊച്ചി : തേവര - പേരണ്ടൂർ കനാലിന്റെ ശുചീകരണം 35 ശതമാനം മാത്രമാണ് പൂർത്തിയാക്കിയതെന്നും സാങ്കേതിക പിന്തുണയില്ലാത്തതിനാൽ ജോലികൾ കാര്യക്ഷമമായി നടക്കുന്നില്ലെന്നും കൊച്ചി നഗരസഭ ഹൈക്കോടതിയിൽ അറിയിച്ചു. ജൂലായ് 29 നുണ്ടായ മഴയെത്തുടർന്ന് നഗരത്തിലുണ്ടായ വെള്ളക്കെട്ടിന്റെ കാരണം വ്യക്തമാക്കി റിപ്പോർട്ട് നൽകാൻ ഹൈക്കോടതി നിർദ്ദേശിച്ചതിനെത്തുടർന്ന് നഗരസഭ നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. 20 കോടി രൂപയുടെ പ്രവർത്തനാനുമതിയാണ് ലഭിച്ചിട്ടുള്ളത്. 2018 ജൂൺ 19 നാരംഭിച്ച നവീകരണ പ്രവർത്തനങ്ങൾക്കായി ഇതുവരെ അഞ്ചു കോടി രൂപ ചെലവഴിച്ചു. വെള്ളമൊഴുക്കിന്റെ വിശദാംശങ്ങൾ അറിയാൻ കാനകളുടെയും കനാലുകളുടെയും മാപ്പിംഗ് നടത്തണം. കനാൽ ശുചീകരണത്തിന് വിശദമായ രൂപരേഖ തയ്യാറാക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.
റിപ്പോർട്ടിൽ നിന്ന്
രാത്രി ഒരുമണി മുതൽ അടുത്ത ദിവസം രാവിലെ ഒമ്പതു വരെ കനത്ത മഴയായിരുന്നു.
വേലിയേറ്റ സമയമായതിനാൽ മുല്ലശേരി കനാലിൽ നിന്ന് കായലിലേക്ക് ഒഴുക്കില്ലാതായി
കനാലിന്റെ തുടക്കത്തിൽ മോട്ടോർ സ്ഥാപിച്ച് വെള്ളം പമ്പു ചെയ്തു കായലിലേക്ക് കളയാം
എം.ജി റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ കാനകൾ വൃത്തിയാക്കിക്കൊണ്ടിരിക്കുന്നു.
പനമ്പിള്ളി നഗറിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ കലുങ്ക് പുതുക്കി നിർമ്മിക്കണം
സ്റ്റേഡിയം ലിങ്ക് റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ ചങ്ങാടംപോക്ക് - കാരണക്കോടം കനാലുകൾ ബന്ധിപ്പിക്കണം.
മുല്ലശേരി കനാലിലെയും പേരണ്ടൂർ കനാലിലെയും നീരൊഴുക്ക് ക്രമപ്പെടുത്തണം.
കെ.എസ്.ആർ.ടി.സി മേഖലയിലെ വെള്ളക്കെട്ട് ഇങ്ങനെ ഒഴിവാക്കാം.