തൃക്കാക്കര: കൊവിഡ് രോഗപ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ സ്വകാര്യ ആശുപത്രികളിലേക്ക് വ്യാപിപ്പിക്കുമെന്ന് ജില്ലാ കളക്ടർ എസ്. സുഹാസ്. ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ശൈലജയുടെ നേതൃത്വത്തിൽ നടന്ന വീഡിയോ കോൺഫറൻസിൽ ജില്ലയിൽ 82 സ്വകാര്യ ആശുപത്രികൾ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളായിട്ടുണ്ടെന്ന് കളക്ടർ അറിയിച്ചു. തിരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികളിൽ കൊവിഡ് രോഗബാധിതരായി ഗുരുതരാവസ്ഥയിലുള്ളവർക്ക് ചികിത്സ ആരംഭിച്ചിട്ടുണ്ട്.
81 കൊവിഡ് രോഗബാധിതർ ജില്ലയിലെ വിവിധ സ്വകാര്യ ആശുപത്രികളിൽ ചികിത്സയിലുണ്ട്.സ്വാബ് കളക്ഷൻ അടക്കമുള്ള കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ 60 ആശുപത്രികളിൽ മികച്ച രീതിയിൽ പുരോഗമിക്കുന്നതായും ജില്ലാ കളക്ടർ യോഗത്തിൽ അറിയിച്ചു. കൂടുതൽ സ്വകാര്യ ആശുപത്രികൾ രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളാകും. ജില്ലയിൽ രോഗപ്രതിരോധ സംവിധാനങ്ങൾ തത്സമയം വിലയിരുത്താൻ സജ്ജീകരിച്ച ഓൺലൈൻ സംവിധാനത്തിന്റെ പ്രവർത്തനം സബ് കളക്ടർ സ്‌നേഹിൽകുമാർ സിംഗ് യോഗത്തിൽ പരിചയപ്പെടുത്തി. 82 ആശുപത്രികളും ജില്ലയിലെ ഫറ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്റെറുകളും വാഹന സൗകര്യങ്ങളും ഈ സംവിധാനത്തിൽ വിലയിരുത്താൻ സാധിക്കും.
ജില്ലയിലെ ആരോഗ്യവിഭാഗം മികച്ച പ്രവർത്തനമാണ് കാഴ്ചവെക്കുന്നതെന്ന് ജില്ലാ കളക്ടർ യോഗത്തെ അറിയിച്ചു. ജില്ലയിൽ 8600 രോഗികൾ ഇതുവരെ ടെലിമെഡിസിൻ സേവനങ്ങൾ പ്രയോജനപ്പെടുത്തിയിട്ടുണ്ട്. യോഗത്തിൽ അസി. കളക്ടർ രാഹുൽകൃഷ്ണ ശർമ, ദേശീയ ആരോഗ്യദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. മാത്യൂസ് നുമ്പേലി എന്നിവർ പങ്കെടുത്തു.