കൊച്ചി : ജൂലായ് 29 ലെ മഴയെത്തുടർന്ന് കൊച്ചി നഗരത്തിലുണ്ടായ കനത്ത വെള്ളക്കെട്ടിന്റെ പേരിൽ നഗരസഭയും ജില്ലാ ഭരണകൂടവും പരസ്പരം പോരടിക്കേണ്ടെന്നും ഒന്നിച്ചു പ്രവർത്തിക്കുകയാണ് വേണ്ടതെന്നും ഹൈക്കോടതി വ്യക്തമാക്കി. വെള്ളക്കെട്ടിന്റെ കാരണങ്ങൾ വ്യക്തമാക്കി നഗരസഭയും ജില്ലാ ഭരണകൂടവും പരസ്പരം കുറ്റപ്പെടുത്തുന്ന തരത്തിലുള്ള റിപ്പോർട്ടാണ് നൽകിയത്. വെള്ളക്കെട്ട് പരിഹരിക്കാൻ ഒന്നര വർഷമായി നടത്തുന്ന പ്രയത്നങ്ങൾക്ക് ചില നല്ല വശങ്ങളുണ്ട്. കനത്ത മഴയെ തുടർന്നാണ് വെള്ളക്കെട്ടുണ്ടായത്. ഇതിൽ നിന്ന് ചില പാഠങ്ങൾ പഠിക്കാനുണ്ടെന്നും സിംഗിൾബെഞ്ച് ഓർമ്മപ്പെടുത്തി. ഇരു കൂട്ടരുടെയും റിപ്പോർട്ടുകളിൽ വൈരുദ്ധ്യങ്ങളുണ്ട്. കോർപ്പറേഷന്റെ റിപ്പോർട്ടിൽ ജില്ലാ കളക്ടറും ജില്ലാ ഭരണകൂടത്തിന്റെ റിപ്പോർട്ടിൽ കോർപ്പറേഷനും വിശദീകരണം നൽകണം. നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ പേരണ്ടൂർ കനാലിലെ നീരൊഴുക്ക് പുന: സ്ഥാപിക്കണമെന്ന ഹർജി ആഗസ്റ്റ് പത്തിന് വീണ്ടും പരിഗണിക്കും. പി.ആൻഡ്.ഡി കോളനിയിലുള്ളവരുടെ പുനരധിവാസ നടപടികൾ ആഗസ്റ്റ് പത്തിന് അറിയിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.
ഹൈക്കോടതി ചോദിച്ചത്
അമൃത് പദ്ധതിയിൽ നഗരസഭക്ക് എത്ര കിട്ടി?
ഇതിൽ എത്ര ചെലവാക്കി?
വെള്ളക്കെട്ട് ഒഴിവാക്കാൻ ചെലവഴിച്ച തനത് ഫണ്ടെത്ര ?
മുല്ലശേരി കനാൽ വൃത്തിയാക്കാനുള്ള അഞ്ച് കോടി രൂപ എങ്ങനെ കണ്ടെത്തും ?
പേരണ്ടൂർ കനാലിലെ ചെളി നീക്കത്തിന്റെ വിശദാംശങ്ങൾ എന്താണ് ?