ആലുവ: ഏതെങ്കിലും സമ്മർദങ്ങളുടെ പേരിൽ കണ്ടെയിൻമെന്റ് സോണുകളിൽ മാറ്റം വരുത്തുകയില്ലെന്ന് മന്ത്രി.വി.എസ്. സുനിൽകുമാർ പറഞ്ഞു. ജനങ്ങളുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും വേണ്ടിയാണ് ആലുവയിൽ മാർക്കറ്റ് അടച്ചിടൽ ഉൾപ്പെടെ കർശനനിലപാട് സ്വീകരിച്ചത്. അതുകൊണ്ടാണ് പൂന്തുറയിലെ അവസ്ഥ ആലുവയിലുണ്ടാകാതിരുന്നത്. സമ്പർക്കത്തിലൂടെയുള്ള രോഗവ്യാപനം പരമാവധി തടഞ്ഞേപറ്റൂ. ആരോഗ്യവകുപ്പ് നൽകുന്ന റിപ്പോർട്ട് കണക്കിലെടുത്താണ് കണ്ടെയിൻമെന്റ് സോൺ തീരുമാനിക്കുന്നതെന്നും മന്ത്രി പറഞ്ഞു. കൊവിഡ് മാനദണ്ഡം പാലിക്കാത്തിടത്ത് കർക്കശ നടപടി മാത്രമേ പ്രായോഗികമാകുകയുള്ളൂവെന്നും മന്ത്രി പറഞ്ഞു. വേഗത്തിൽ കർഫ്യൂ പ്രഖ്യാപിച്ചതിന് പിന്നിലും ആലുവയിൽ പടർന്ന കൊവിഡ് വൈറസിന്റെ പ്രത്യേകതകൊണ്ടാണ്. മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിൽ ആലുവയിൽ വ്യാപിച്ച വൈറസ് പ്രത്യേകതയുള്ളതായിരുന്നു. കൊവിഡ് ന്യൂമോണിയ ബാധിച്ച രോഗികളിൽ നടത്തിയ പരിശോധനയിൽ ഇത് പ്രകടമായിരുന്നുവന്നും മന്ത്രി പറഞ്ഞു.