കൊച്ചി : മുളന്തുരുത്തിയിലെ മർതോമൻ പള്ളി ഏറ്റെടുക്കാൻ ഒരാഴ്ചയ്ക്കുള്ളിൽ എറണാകുളം ജില്ലാ കളക്ടർ നടപടിയെടുക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. പള്ളിയിൽ ചടങ്ങുകൾ നടത്താൻ ഒാർത്തഡോക്സ് വിഭാഗത്തിലെ വൈദികർക്ക് പൊലീസ് സംരക്ഷണം നൽകണമെന്ന ഹൈക്കോടതി ഉത്തരവു പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി പള്ളി ട്രസ്റ്റി കെ.കെ. ജിമ്മി തരകൻ നൽകിയ കോടതിയലക്ഷ്യ ഹർജിയിലാണ് ഉത്തരവ്. മതിയായ സംരക്ഷണം നൽകാൻ ആവശ്യത്തിന് പൊലീസിനെ ലഭ്യമാകുമ്പോൾ പള്ളിയുടെ നടത്തിപ്പ് ഹർജിക്കാരെ ഏൽപ്പിക്കാനും സിംഗിൾബെഞ്ചിന്റെ ഉത്തരവിൽ പറയുന്നു. ജില്ലാ പൊലീസ് മേധാവിയുമായി ആലോചിച്ചാണ് തീരുമാനം എടുക്കേണ്ടത്.

കൊവിഡ് ഡ്യൂട്ടിക്കും മറ്റുമായി പൊലീസിനെ വിന്യസിച്ചിട്ടുള്ളതിനാൽ മതിയായ സംരക്ഷണം നൽകാൻ ആവശ്യത്തിന് പൊലീസുകാരെ ലഭ്യമല്ലെന്ന് ഹർജി നേരത്തെ പരിഗണിച്ചപ്പോൾ സർക്കാർ അറിയിച്ചിരുന്നു. പള്ളി ഏറ്റെടുക്കലിനു ശേഷം മതിയായ സംരക്ഷണം ലഭിക്കുന്നതുവരെ പള്ളി കൈമാറുന്നത് നീട്ടിവെക്കാൻ കഴിയുമെന്ന് കോടതി ചൂണ്ടിക്കാട്ടി. സുപ്രീംകോടതി വിധി അനുസരിക്കേണ്ടവർ നിയമം കൈയിലെടുക്കുകയും പരാതിക്കാരെ തടയുകയുമാണ്. നിയമവാഴ്ചയുടെ ലംഘനത്തിനെതിരെ കോടതിക്ക് കണ്ണടയ്ക്കാൻ കഴിയില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ഹർജി ആഗസ്റ്റ് പത്തിന് വീണ്ടും പരിഗണിക്കും.