കൊച്ചി: പ്ളാസ്റ്റിക് ശസ്ത്രക്രിയയ്ക്ക് കേരളത്തിൽ പ്രചാരം നൽകിയ ജനകീയ ഡോക്ടർ കെ.ആർ. രാജപ്പന് ഇന്ന് നവതിനിറവ്. ആഘോഷമൊന്നുമില്ല. പതിവുപോലെ രോഗികൾക്കൊപ്പം ആശുപത്രിയിലായിരിക്കും അദ്ദേഹം.
"ദൈവം ഏല്പിച്ച ദൗത്യംചെയ്യാൻ കഴിഞ്ഞതിലാണ് സന്തോഷം. ആ സന്തോഷമാണ് ജീവിതത്തിലെ നേട്ടം." ഡോക്ടർ പറയുന്നു.
ആയുർവേദ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നാണ് അദ്ദേഹം അലോപ്പതി സ്വീകരിച്ചത്. വിദ്യാഭ്യാസ, സാമൂഹ്യമേഖലകളിലും സജീവമായി പ്രവർത്തിക്കുന്നു.
ചാലക്കുടി മേലൂർ സ്വദേശിയായ രാജപ്പൻ 14 കിലോമീറ്റർ നടന്നാണ് സ്കൂളിൽ പോയിരുന്നത്. പിതാവ് കെ.എം. രാമൻ തിരുക്കൊച്ചി മുഖ്യമന്ത്രിയായിരുന്ന പനമ്പിള്ളി ഗോവിന്ദമേനന്റെ സുഹൃത്തായിരുന്നു. പനമ്പിള്ളിയാണ് ഒറീസയിലെ കട്ടക്കിൽ എം.ബി.ബി.എസ് പഠിക്കാൻ അവസരമൊരുക്കിയത്. 1960ൽ എം.ബി.ബി.എസ് വിജയിച്ചു. പാറ്റ്നയിൽനിന്ന് പ്ളാസ്റ്റിക് സർജറിയിൽ എം.എസും നേടി. കോട്ടയം മെഡിക്കൽ കോളേജിൽ പ്ളാസ്റ്റിക് സർജറി വിഭാഗം ആരംഭിച്ചത് അദ്ദേഹമാണ്.
1983ൽ എറണാകുളത്ത് സ്‌പെഷ്യലിസ്റ്റ്സ് ആശുപത്രി ആരംഭിച്ചു. എം.ബി.ആർ ട്രസ്റ്റ് വഴി നിരവധി മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിച്ച് പാവപ്പെട്ടവർക്ക് സൗജന്യചികിത്സ നൽകി. കിടപ്പുരോഗികൾക്ക് പാലിയേറ്റീവ് പരിചരണം നൽകുന്ന 'സ്‌നേഹത്തണൺ' സംഘവും അദ്ദേഹം ആരംഭിച്ചതാണ്.
ചന്ദ്രിക സോപ്പിന്റെ ഉപജ്ഞാതാവായ സി.ആർ. കേശവൻ വൈദ്യരുടെ മകൾ നളിനിയാണ് ഭാര്യ. മിനി, ബീന, റീന എന്നിവർ മക്കളും സ്‌പെഷ്യലിസ്റ്റ്സ് ആശുപത്രിയിലെ ഡോ. ആർ. ജയകുമാർ, ഡോ. ആർ. വിജയൻ, ഡോ. സബിൻ വിശ്വനാഥ് എന്നിവർ മരുമക്കളുമാണ്.