ആലുവ: കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് ആഴ്ച്ചകളായി കർഫ്യൂ നിലനിൽക്കുന്ന ആലുവ നിയോജക മണ്ഡലത്തിലെ കുടുംബങ്ങൾക്കും വ്യാപാരികൾക്കുമായി പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് അൻവർ സാദത്ത് എം.എൽ.എ ഇന്ന് ഏകദിന ഉപവാസം നടത്തും.
എം.എൽ.എ ഓഫീസിന് മുമ്പിൽ രാവിലെ ഒമ്പതിന് ആരംഭിക്കുന്ന സമരം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഓൺലൈനിൽ ഉദ്ഘാടനം ചെയ്യും. വൈകിട്ട് അഞ്ചിന് സമാപന സമ്മേളനം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും ഉദ്ഘാടനം ചെയ്യും. കഴിഞ്ഞ 27ന് മുഖ്യമന്ത്രിക്ക് നൽകിയ കത്ത് ബന്ധപ്പെട്ട വകുപ്പുകൾക്ക് അടിയന്തര നടപടിക്കായി കൈമാറിയെന്ന് രേഖാമൂലം അറിയിച്ചെങ്കിലും തുടർ നടപടിയില്ലാത്ത സാഹചര്യത്തിലാണ് പ്രത്യക്ഷ സമരം ആരംഭിക്കുന്നതെന്നും എം.എൽ.എ പറഞ്ഞു.
മണ്ഡലത്തിൽപ്പെട്ട ആലുവ നഗരസഭ, കീഴ്മാട്, ചൂർണ്ണിക്കര, എടത്തല, ചെങ്ങമനാട് എന്നീ പഞ്ചായത്തുകളിലും ആഴ്ച്ചകളായി കർഫ്യുവായിരുന്നു. മറ്റ് പഞ്ചായത്തുകളായ ശ്രീമൂലനഗരം, കാഞ്ഞൂർ, നെടുമ്പാശേരി എന്നിവിടങ്ങളിലെ വിവിധ വാർഡുകൾ ഇപ്പോഴും കണ്ടെയ്ൻമെന്റ് സോണുകളാണ്. കഴിഞ്ഞ ദിവസം മുതൽ ചില സ്ഥലങ്ങളിൽ ഇളവനുവദിച്ചിട്ടുണ്ടെങ്കിലും ജനജീവിതം ദുസഹമാണ്. ആയതിനാൽ മുഖ്യമന്ത്രി ഇടപെട്ട് സാധാരണക്കാരായ ജനങ്ങളെ സഹായിക്കണം. ആവശ്യത്തിനുള്ള ഭക്ഷ്യ കിറ്റുകളും നൽകണം.
യു.ഡി.എഫ് ജില്ലാ ചെയർമാൻ എം.ഒ ജോൺ ഉദ്ഘാടന സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിക്കും. യു.ഡി.എഫ് ചെയർമാൻ ബെന്നി ബെഹനാൻ എം.പി, മുൻ മന്ത്രിമാരായ എം.കെ. മുനീർ എം.എൽ.എ, പി.ജെ. ജോസഫ് എം.എൽ.എ, ഹൈബി ഈഡൻ എം.പി എന്നിവരും ഓൺലൈൻ മുഖേന മുഖ്യാതിഥികളായി പങ്കെടുക്കും.