കൊച്ചി: തിരുവനന്തപുരം ട്രഷറിയിൽ കേരള കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമനിധിയുടെ എസ്.ടി.എസ്.ബി അക്കൗണ്ടിൽ നിക്ഷേപിച്ചിരുന്ന 25,05,98,203രൂപയിൽ 6,72,000,00 രൂപ കാണാതായതിനെക്കുറിച്ച് സർക്കാർ സമഗ്രാന്വേഷണം നടത്താൻ തയ്യാറാകണമെന്ന് കേരള കെട്ടിട നിർമ്മാണ തൊഴിലാളി കോൺഗ്രസ് (കെ.കെ.എൻ.ടി.സി.) സംസ്ഥാന പ്രസിഡന്റും ക്ഷേമനിധി ബോർഡിന്റെ ഡയറക്ടറുമായ കെ.പി.തമ്പി കണ്ണാടൻ ആവശ്യപ്പെട്ടു.വിവിധ സ്ഥാപനങ്ങളും വ്യക്തികളും നിർമ്മാണ പ്രവർത്തനം നടത്തിയതിന്റെ സെസ് ഇനത്തിൽ ക്ഷേമനിധി ബോർഡിന് നൽകിയിട്ടുള്ള ബില്ലുകൾ മാറി സൂക്ഷിച്ച നിക്ഷേപത്തിൽ നിന്നാണ് തുക നഷ്ടപ്പെട്ടിട്ടുള്ളത്. 2019ൽ ഇക്കാര്യം ബോർഡിന്റെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് സെക്രട്ടറി നടത്തിയ അന്വേഷണത്തിൽ ട്രഷറിയിലെ ക്ഷേമനിധിയുടെ അക്കൗണ്ടിലെ സ്റ്റേറ്റുമെന്റുകൾ മുഴുവൻ നീക്കം ചെയ്തിരിക്കുന്നതായി കണ്ടു. ഇതുസംബന്ധിച്ച് ട്രഷറിക്ക് കത്തുനൽകി സ്റ്റേറ്റ്മെന്റ് ആവശ്യപ്പെട്ടു. അതിന് ട്രഷറിയിൽ നിന്നും ലഭിച്ച സ്റ്റേറ്റ്‌മെന്റ് നേരത്തെ തന്നിരുന്ന സ്റ്റേറ്റ്മെന്റുമായി യാതൊരു ബന്ധവും ഉണ്ടായിരുന്നില്ല.
ക്ഷേമനിധിക്ക് വരുന്ന ബില്ലുകൾ മാറി അക്കൗണ്ട് വരവ് വെക്കുമ്പോൾ തുകയോടൊപ്പം അടച്ച സ്ഥാപനത്തിന്റെ അല്ലങ്കിൽ വ്യക്തിയുടെ വിവരങ്ങളും റെക്കാഡുകളിൽ ഉൾപ്പെടുത്തേണ്ടതാണ്. അത് ട്രഷറി ചെയ്തിട്ടില്ല. ഒരേ കാലയളവിൽ വിവിധ ടി.എസ്.ബി. അക്കൗണ്ട് സ്റ്റേറ്റ്‌മെന്റുകൾ ഒരേ തീയ്യതിയിൽ തന്നെ വ്യത്യസ്ത ക്ലോസിംഗ് ബാലൻസുകൾ രേഖപ്പെടുത്തിയിട്ടുമുണ്ട്. ക്ഷേമനിധി ബോർഡ് ചെയർമാൻ കെ.വി. ജോസ് ഇക്കാര്യങ്ങൾ കാട്ടി ധനകാര്യ മന്ത്രിക്ക് പരാതിക്കത്ത് നൽകി. അന്നേ ക്ഷേമനിധിയുടെ പരാതി മുഖവിലക്കെടുത്തിരുന്നെങ്കിൽ ഇന്ന് ട്രഷറിയിൽ ഉണ്ടായ വെട്ടിപ്പ് നടക്കില്ലായിരുന്നു. ഇപ്പോൾ ട്രഷറിയിൽ ഉണ്ടായ കൊള്ളയെ സംബന്ധിച്ച് അന്വേഷണം നടക്കുമ്പോൾ നിർമ്മാണ തൊഴിലാളി ക്ഷേമ നിധിയിൽ നിന്നും നഷ്ടപ്പെട്ട തുകയെക്കുറിച്ചും അന്വേഷിച്ച് കുറ്റക്കാരെ കണ്ടെത്തി തുക തിരിച്ചു നൽകുന്നതിനുള്ള നടപടിയുണ്ടാവണമെന്ന് കെ.കെ.എൻ.ടി.സി. സംസ്ഥാന പ്രസിഡന്റ് കെ.പി. തമ്പി കണ്ണാടൻ പറഞ്ഞു.