കൊച്ചി: കൊവിഡിൽ 'കട്ട് ' പറഞ്ഞ മലയാള സിനിമാമേഖല പ്രതിസന്ധിയുടെ ഫ്രെയിമിൽ. മാർച്ച് 10 ന് തിയേറ്ററുകൾ പൂട്ടിയതോടെ വിഷു റിലീസിന് കാത്തുവച്ച മോഹൻലാലിന്റെ മരയ്‌ക്കാറും ഫഹദ് ഫാസിലിന്റെ മാലിക്കുമടക്കമുള്ള ബിഗ് ബഡ്‌ജറ്ര് ചിത്രങ്ങൾ പെട്ടിയിലുമായി. വിദേശങ്ങളെയടക്കം ലക്ഷ്യമിട്ട് 20 കോടി രൂപക്കുമേൽ ചെലവാക്കിയാണ് ബിഗ്ബഡ്‌ജറ്റ് സിനിമകളൊരുക്കിയത്. രാജ്യത്തിനകത്തും പുറത്തും ഒരേസമയം നിരവധി തിയേറ്ററുകളിൽ പ്രദർശിപ്പിച്ച് ലാഭമടക്കം തിരിച്ചുപിടിക്കും. നിലവിൽ സിനിമയൊരുക്കിയാൽ പോലും ഒ.ടി.ടി റിലീസേ നടക്കൂ. അതിനാൽ ചിത്രീകരണങ്ങളിൽ നിന്ന് നിർമ്മാതാക്കൾ വിട്ടുനിൽക്കുകയാണ്. പുതുതായി രജിസ്റ്റർ ചെയ്യപ്പെടുന്ന ചിത്രങ്ങളെല്ലാം ചെറിയ മുടക്കുമുതലിലുള്ളവയാണ്.
ആളെണ്ണം കുറച്ച്, ഔട്ട് ഡോർ ഒഴിവാക്കിയുള്ള ചിത്രീകരണം സർക്കാർ അനുവദിച്ചെങ്കിലും ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ടിംഗ് മാത്രമാണ് പൂർത്തിയായത്. സിനിമാചിത്രീകരണം മൊബൈലിലേക്ക് മാറ്റാനും ശ്രമമുണ്ട്. രാജൻ പി. ദേവിന്റെ മകൻ ജൂബിൽ നായകനാകുന്ന 'സുരേഷ്‌ഗോപി' എന്ന ചിത്രമാണ് ഐഫോൺ 11 പ്രോകാമറയിൽ ചിത്രീകരിക്കുന്നത്. അതിനിടെ തിരിച്ചുവരവിനായി 2021 ലക്ഷ്യമിട്ട് പുതിയ മലയാളസിനിമകളുടെ രജിസ്ട്രേഷൻ കേരള ഫിലിംചേംബർ ആഗസ്റ്റ് 1 മുതൽ ആരംഭിച്ചു. രജിസ്ട്രേഷൻ തുകയിൽ 40 ശതമാനം ഇളവാണ് വരുത്തിയിരിക്കുന്നത്. അതേസമയം മൊബൈലിൽ കാണാവുന്ന വെബ്സീരീസുകൾക്ക് പ്രേക്ഷകർക്കിടയിൽ പ്രീതിവർദ്ധിക്കുകയാണ്. സിനിമാപ്രവർത്തകർതന്നെ ചെറുതും വലുതുമായ വെബ്സീരിസുകളുടെ നിർമ്മാണം ആരംഭിച്ചിട്ടുമുണ്ട്.
ബിഗ്ബഡ്ജറ്റ് സിനിമകൾ ഒ.ടി.ടി റിലീസിന് പറ്റില്ല
'മരയ്ക്കാറും മാലിക്കും വിദേശ തിയേറ്ററുകളെയടക്കം ലക്ഷ്യമിട്ടൊരുക്കിയ ചിത്രങ്ങളാണ്. കേരളത്തിലെ തിയേറ്റർ റിലീസിലൂടെയോ ഒ.ടി.ടി റിലീസിലൂടെയോ മുടക്കുമുതൽ തിരിച്ചുപിടിക്കാനാവില്ല. പുതിയ ബിഗ്ബഡ്ജറ്റ് ചിത്രങ്ങൾ ചേംബറിൽ രജിസ്റ്റർ ചെയ്തിട്ടില്ല. ആമസോൺ, നെറ്റ്ഫ്‌ലിക്‌സ് തുടങ്ങിയവയ്ക്കും തിയേറ്റർ റിലീസ് നടത്തിയ ചിത്രങ്ങൾ വാങ്ങുന്നതാവും ലാഭം. ബിഗ്ബഡ്ജറ്റ് ചിത്രങ്ങളൊന്നും അവർക്ക് വാങ്ങാനാവില്ല.''
കെ. വിജയകുമാർ
ഫിലിംചേംബർ പ്രസിഡന്റ്
പണി കിട്ടുന്നത് തൊഴിലാളികൾക്ക്
'സിനിമയൊരുക്കുന്നതിലെ നിബന്ധനകൾ ആദ്യം ബാധിക്കുന്നത് അണിയറയിലെ തൊഴിലാളികളെയാണ്. ഒരു സിനിമയുടെ ബഡ്‌ജറ്റിന് അനുസൃതമായി നിശ്ചിത തൊഴിലാളികൾക്ക് ജോലി നൽകണമെന്ന ഫെഫ്കയുടെ നിർദേശം കൊവിഡിന്റെ വരവോടെ വിലയില്ലാതായി. ഒ.ടി.ടി റിലീസിനായി ചെറിയ ബഡ്‌ജറ്റിലാവും സിനിമകളൊരുങ്ങുക. ഇതോടെ നിരവധിപേർക്ക് തൊഴിലില്ലാതെയാകും.''
സോഹൻ സീനുലാൽ
വർക്കിംഗ് സെക്രട്ടറി, ഫെഫ്ക
2020 ലക്ഷ്യം വച്ച് ഒരുക്കിയ ബിഗ് ബഡ്ജറ്റ് ചിത്രങ്ങൾ
ചെലവ് നിലവിലെ അവസ്ഥ
മരയ്ക്കാർ അറബിക്കടലിന്റെ സിംഹം- 80 കോടിക്കുമേൽ - ചിത്രം പൂർത്തിയാക്കി
മാലിക് - 30 കോടിക്കടുത്ത് - ചിത്രം പൂർത്തിയാക്കി