rail

കൊച്ചി: യാത്രക്കാരുമായുള്ള പണമിടപാടുകളെല്ലാം തീർത്ത് റെയിൽവെ പുതിയ ട്രാക്കിലേക്ക് നീങ്ങുന്നു. റിസർവേഷൻ തുക കൊടുത്തുതീർത്ത് ക്ളീൻസ്ളേറ്റിൽ പ്രവർത്തനം തുടങ്ങാനാണ് തീരുമാനം. ടിക്കറ്റ് റദ്ദാക്കി തുക കൈപ്പറ്റുന്നതിന് യാത്രക്കാർക്ക് ആറുമാസത്തെ സമയവും നൽകിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി പ്രധാന റെയിൽവേ റിസർവേഷൻ കൗണ്ടറുകൾ പ്രവർത്തനം ആരംഭിച്ചു.. തിരുവനന്തപുരം, എറണാകുളം ജംഗ്ഷൻ, കൗണ്ടറുകൾ രാവിലെ എട്ടുമുതൽ രാത്രി എട്ടുവരെയാണ് പ്രവർത്തിക്കുക. മറ്റിടങ്ങളിൽ രാവിലെ ഒൻപതുമുതൽ വൈകിട്ട് അഞ്ചുവരെയും.

# വരുമാനത്തിൽ ഇടിവ്
കൊവിഡ് -19 വ്യാപനവും ലോക്ക് ഡൗണും തുടർന്നുള്ള ട്രെയിൻ റദ്ദാക്കലുകളും കാരണം യാത്രക്കാരിൽ നിന്നുള്ള വരുമാനത്തിൽ 2020 - 21 സാമ്പത്തികവർഷം റെയിൽവെയ്ക്ക് 35,000 കോടിയോളം രൂപയുടെ വരുമാന നഷ്ടമുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ലോക്കൽ സർവീസുകൾ പൂർണമായും റദ്ദാക്കിയത് യാത്രക്കാർക്ക് തിരിച്ചടിയായി. നിലവിൽ 230 സ്പെഷ്യൽ ട്രെയിനുകൾ മാത്രമാണ് രാജ്യമാകെ സർവീസ് നടത്തുന്നത്. എന്നാൽ ഈ ട്രെയിനുകളിലും യാത്രക്കാർ കുറവാണ്. ചരക്കു ഗതാഗതത്തിൽ നിന്നുള് വരുമാനംകൊണ്ട് നഷ്ടംനികത്താനുള്ള ശ്രമത്തിലാണ് റെയിൽവെ. ചരക്കുനീക്കം കഴിഞ്ഞ വർഷത്തേതിനു സമമായി നടക്കുന്നുണ്ടെന്നതാണ് ഏക ആശ്വാസം.

# സർവീസ് അനിശ്ചിതത്വത്തിൽ

സംസ്ഥാനത്തിനകത്തെ സർവീസ് കണ്ണൂർ - തിരുവനന്തപുരം ജനശതാബ്ദി, വേണാട് എക്സ്‌പ്രസ് എന്നിവയിൽ ഒതുങ്ങുന്നു. തിരുവനന്തപുരത്തിനും മുംബയ്ക്കുമിടയിൽ നിത്യേന സർവീസ് നടത്തുന്ന നേത്രാവതി, എറണാകുളത്തിനും ന്യൂഡൽഹിക്കുമിടയിൽ സർവീസ് നടത്തുന്ന മംഗള എക്സ്‌പ്രസ് എന്നിവയാണ് അന്യസംസ്ഥാനങ്ങളിൽ നിന്നെത്തുന്നത്.

നിധിൻ റോബർട്ട്

റെയിൽവെ ഏരിയ മാനേജർ

# സാമൂഹിക അകലം സാദ്ധ്യമാണ്.

രാവിലെയും വൈകിട്ടുമായി മെമുവോ പാസഞ്ചർ ട്രെയിനുകളോ സർവീസ് നടത്തിയാൽ യാത്രാസൗകര്യമില്ലാതെ വലയുന്ന സർക്കാർ,സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് അനുഗ്രഹമാവും. സാമൂഹിക അകലം പാലിച്ചുകൊണ്ട് ട്രെയിനിൽ യാത്ര ചെയ്യാൻകഴിയും. ഇക്കാര്യം റെയിൽവെ അധികൃതരുടെ ശ്രദ്ധയിൽപെടുത്താൻ സംസ്ഥാന സർക്കാർ ഇടപെടണം

പി. കൃഷ്ണകുമാർ

ജനറൽ സെക്രട്ടറി,തൃശൂർ റെയിൽവെ പാസഞ്ചർ അസോസിയേഷൻ