ആലുവ: നാണയങ്ങൾ വിഴുങ്ങിയ മൂന്ന് വയസുകാരന്റെ മരണവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന അവ്യക്തത നീക്കുന്നതിനായുള്ള ആന്തരികാവയവങ്ങളുടെ പരിശോധനാഫലം ലഭിക്കാൻ ഒരാഴ്ചയെങ്കിലും വേണ്ടിവരുമെന്നാണ് പൊലീസ് കണക്കാക്കുന്നത്.

ആലുവ കടുങ്ങല്ലൂർ വളഞ്ഞമ്പലം കൊടിമുറ്റത്ത് വാടകയ്ക്ക് താമസിക്കുന്ന കൊല്ലം പൂതകുളം നെല്ലേറ്റിൽ തോണിപ്പാറ ലക്ഷംവീട് കോളനിയിൽ നന്ദിനിയുടെ മകൻ പൃഥ്വിരാജ് കഴിഞ്ഞ ഞായറാഴ്ച രാവിലെയാണ് മരണത്തിന് കീഴടങ്ങിയത്. കൊവിഡ് പരിശോധനയ്ക്ക് ശേഷം തിങ്കളാഴ്ച കളമശേരി മെഡിക്കൽ കോളേജിൽ പൊലീസ് സർജൻ നടത്തിയ പോസ്റ്റുമോർട്ടത്തിൽ രണ്ട് നാണയത്തുട്ടുകൾ കുട്ടിയുടെ വൻകുടലിനും താഴെ കണ്ടെത്തിയിരുന്നു. നാണയങ്ങൾ കടന്നുപോയ ആമാശയത്തിനോ കുടലുകൾക്കോ മുറിവുകളുണ്ടായിട്ടില്ല. അതിനാൽ നാണയത്തുട്ടുകൾ വയറിനകത്ത് കിടന്നതുകൊണ്ട് മാത്രം മരണം സംഭവിക്കില്ലെന്നായിരുന്നു പൊലീസ് സർജന്റെ നിഗമനം. തുടർന്നാണ് ആന്തരികാവയവങ്ങൾ വിദഗ്ധ പരിശോധനയ്ക്കായി കാക്കനാട് ലാബിന് കൈമാറിയത്. സാധാരണഗതിയിൽ പരിശോധനാഫലം ലഭിക്കാൻ രണ്ടാഴ്ചയിലേറെ സമയമെടുക്കും. എന്നാൽ വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് വേഗത്തിൽ പരിശോധന ഫലം ലഭിക്കുന്നതിനായി ചീഫ് കെമിക്കൽ എക്‌സാമിനർക്ക് ബിനാനിപുരം സി.ഐ വി.ആർ. സുനിൽകുമാർ കത്ത് നൽകിയിട്ടുണ്ട്. പരിശോധനാറിപ്പോർട്ട് ഫോറൻസിക് വിഭാഗത്തിനായിരിക്കും കൈമാറുക. തുടർന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിക്കും. അതിനുശേഷമേ കുട്ടിയുടെ മാതാവ്, മുത്തശി ഉൾപ്പെടെയുള്ളവരിൽ നിന്ന് വിശദമായ മൊഴിയെടുക്കൂകയുള്ളുവെന്നും പൊലീസ് അറിയിച്ചു.

ആലുവ ജില്ലാ ആശുപത്രി, എറണാകുളം ജനറൽ ആശുപത്രി, ആലപ്പുഴ മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ ചികിത്സ നിഷേധിച്ചെന്നാണ് കുട്ടിയുടെ ബന്ധുക്കൾ പറയുന്നത്.