kuzhippilly-
കുഴിപ്പള്ളത്ത് സിയാൽ നിർമിച്ച പാലം

നെടുമ്പാശേരി: വെള്ളപ്പൊക്ക നിവാരണ പദ്ധതിയുടെ ഭാഗമായ കൊച്ചി അന്താരാഷ്ട്ര വിമാനത്താവള ലിമിറ്റഡ് (സിയാൽ) നിർമ്മിച്ച രണ്ട് പാലങ്ങൾ പൊതുഗതാഗതത്തിന് തുറന്നുകൊടുത്തു. എ.പി. വർക്കി റോഡിലും കുഴിപ്പള്ളത്തും 20.48 കോടി രൂപ ചെലവിട്ട് നിർമിച്ച പാലങ്ങളും അപ്രോച്ച് റോഡുമാണ് പൊതുഗതാഗതത്തിന് തുറന്നുകൊടുത്തത്.


സമീപത്തെ നാല് പഞ്ചായത്തുകളെയും അങ്കമാലി നഗരസഭയെയും ഉൾപ്പെടുത്തിയുള്ള സമഗ്ര വെള്ളപ്പാക്കനിവാരണ പദ്ധതിക്ക് കഴിഞ്ഞവർഷം സിയാൽ തുടക്കമിട്ടിരുന്നു. ഇതിന്റെ ഭാഗമായി റോഡുകളും പാലങ്ങളും സിയാൽ നിർമ്മിക്കുന്നുണ്ട്. എ.പി.വർക്കി റോഡിൽ ചെങ്ങൽതോടിന്റെ വടക്കുഭാഗത്ത് നിർമ്മിച്ച പാലവും തെക്കുഭാഗത്ത് കുഴിപ്പള്ളത്ത് നിർമ്മിച്ച പാലവുമാണ് ഗതാഗതത്തിന് തുറന്നത്.

എ.പി. വർക്കി റോഡിൽ പാലം പണി പൂർത്തിയായതോടെ തുറവുംകര മേഖലയിലുള്ളവർക്ക് ചെങ്ങൽ, കാലടി, അങ്കമാലി ഭാഗത്തേയ്ക്ക് എളുപ്പത്തിൽ പോകാനാകും. കുഴിപ്പള്ളം പാലംവഴി വിമാനത്താവളത്തിന്റെ തെക്കുഭാഗത്തുള്ളവർക്ക് വേഗത്തിൽ നെടുമ്പാശേരിയിലെത്താം. നാലുമാസംകൊണ്ടാണ് 40 മീറ്റർ നീളത്തിലും 9 മീറ്റർ വീതിയിലും പാലങ്ങൾ പണികഴിപ്പിച്ചിട്ടുള്ളത്.
ചെങ്ങൽതോടിന് നാൽപ്പത് മീറ്ററോളം വീതിയുണ്ടായിരുന്ന സ്ഥലങ്ങളാണിവ. നേരത്തെ തോടുനികത്തി നിർമ്മിച്ച ചപ്പാത്തുകളായിരുന്നു ഇവിടെയുണ്ടായിരുന്നത്. ഈ മേഖലയിലെ വെള്ളപ്പൊക്കത്തിനും വെള്ളക്കെട്ടിനും പ്രധാനകാരണവും ഈ ചപ്പാത്തുകളായിരുന്നു. ചെത്തിക്കോട്, തുറവുങ്കര പ്രദേശങ്ങളിലും സിയാൽ പാലങ്ങൾ പണിയുന്നുണ്ട്.