പറവൂർ: കൊവിഡിൽ പറവൂർ നഗരസഭ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ. ഇതുവരെ ജൂലായ് മാസത്തെ ശമ്പളവും പെൻഷനും നൽകാനായിട്ടില്ല. പതിനഞ്ചിനു മുമ്പ് കൊടുത്തു തീർക്കാനാണ് ശ്രമം. ജില്ലയിലെ വരുമാനം കുറഞ്ഞ നഗരസഭകളിൽ ഒന്നാണ് പറവൂർ. ശമ്പളവും പെൻഷനും നൽകാൻ മാത്രം 42 ലക്ഷം രൂപ വേണം. വൈദ്യുതി ചാർജും മറ്റു കാര്യങ്ങളും കൂടി ചേർത്താൽ 55 ലക്ഷം രൂപയോളം മാസംതോറും വേണ്ടിവരും. നിലവിൽ തനതു ഫണ്ടിലുള്ളത് 10 ലക്ഷം രൂപ മാത്രമാണ്. മറ്റു ഫണ്ടിൽ നിന്നും വകമാറ്റണമെങ്കിൽ സർക്കാർ അനുമതി വേണം.

# പണം ലഭിച്ചില്ല

സർക്കാരിൽ നിന്നു ലഭിക്കാനുള്ളത് നാല് കോടിയോളം രൂപയാണ്.

പെൻഷൻ നഗരസഭയാണ് ആദ്യം നൽകുന്നത്. പിന്നീട് സർക്കാർ നഗരസഭയ്ക്കു പണം നൽകുകയാണ് പതിവ്. പെൻഷൻ നൽകിയ വകയിൽ കഴിഞ്ഞ മാസം 32 ലക്ഷം രൂപ കിട്ടി. ഇനിയും മൂന്നര കോടി രൂപയോളം ലഭിക്കാനുണ്ട്. സർക്കാരിന്റെ ജനറൽ പർപ്പസ് ഗ്രാന്റായി എല്ലാമാസവും അഞ്ച് ലക്ഷം രൂപയോളം കിട്ടാറുണ്ട്. ഇത്തവണ ഇതൊന്നും ലഭിച്ചിട്ടില്ല. ജി.എസ്.ടിയുടെ ഭാഗമായി 45 ലക്ഷം രൂപയോളമാണ് കിട്ടാനുള്ളത്.

#ധനവിനിയോഗത്തിൽ വീഴച പറ്റി: പ്രതിപക്ഷം

നഗരസഭയുടെ ധന വിനിയോഗത്തിൽ വീഴ്ച പറ്റിയതായി പ്രതിപക്ഷം. നികുതി പിരിവ് ഓൺലൈനാക്കാൻ വൈകിയത് ലോക്ഡൗൺ കാലത്ത് തിരിച്ചടിയായി. ഏതാനും ആഴ്ചകൾക്കു മുമ്പാണ് നഗരസഭയിൽ തുടങ്ങാനായത്. 13 മൊബൈൽ ടവറുളിൽ നിന്നും ലഭിക്കേണ്ട തുകയിൽ മുപ്പത് ലക്ഷം രൂപയോളം കുടിശ്ശികയാണ്. കുത്തക ലേല തുകകൾ കുറഞ്ഞിട്ടുണ്ടെങ്കിലും മുൻ വർഷങ്ങളിലെ പല കുത്തക ലേലങ്ങളുടെയും പണം സമയബന്ധിതമായി അടപ്പിക്കുന്നതിൽ വീഴ്ച പറ്റിയിട്ടുണ്ട്. വിവിധ പദ്ധതികൾക്കായി നഗരസഭയ്ക്കു ലഭിച്ച ഫണ്ട് കൃത്യമായി വിനിയോഗിച്ചു വരുമാനം ഉയർത്താനുള്ള നടപടികൾ പരാജയപ്പെട്ടതായി പ്രതിപക്ഷ കൗൺസിലർ ആരോപിച്ചു.

# വരുമാനം കു‌റഞ്ഞു

കൊവിഡ് മൂലം ടൗൺഹാൾ, അംബേദ്കർ പാർക്ക്, മുനിസിപ്പൽ പാർക്ക് എന്നിവിടങ്ങളിൽ നിന്നുള്ള വരുമാനം ഇല്ലാതായി. ടൗൺഹാളിൽ നേരത്തെ ബുക്ക് ചെയ്തവർ പരിപാടികൾ ഉപേക്ഷിച്ചതോടെ ഏഴ് ലക്ഷം രൂപയോളം തിരിച്ചുകൊടുക്കാനുണ്ട്. വാടക, നികുതി, ലൈസൻസ് ഫീസ് തുടങ്ങിയവയുടെ വരവു കുറഞ്ഞു. ഇതിനിടെ സമൂഹ അടുക്കള, കൊവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രം എന്നിവയ്ക്കുള്ള പണം തനതു ഫണ്ടിൽ നിന്ന് എടുക്കേണ്ടി വന്നതോടെ പ്രതിസന്ധി ഇരട്ടിയായി.