cfltc-

ആലുവ: കൊവിഡ് രോഗികൾക്കായി ആലുവ യു.സി.കോളേജിലെ ടാഗോർ ഹാളിൽ സി.എഫ്.എൽ.ടി.സി ആരംഭിച്ചു. സ്ത്രീകൾക്കും പുരുഷന്മാർക്കും 100 ബെഡുകൾ സജ്ജീകരിച്ചു. നാല് മണിക്കൂർ വീതമുള്ള ആറ് ഷിഫ്റ്റുകളിലായി ജീവനക്കാരുണ്ടാകും. ആറ് സ്റ്റാഫ് നേഴ്‌സുമാരെയും രണ്ട് ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരെയും ഒരാഴ്ചക്ക് മുമ്പ് ദേശീയ നിയമിച്ചിരുന്നു. രണ്ട് ഡോക്ടർമാരെ ജില്ലാ മെഡിക്കൽ ഓഫീസിൽ നിന്നും നിയമിച്ചിരുന്നു.

ചൊവ്വാഴ്ച പുലർച്ചെ മൂന്ന് മണിക്ക് ആറ് രോഗികളെത്തി. വ്യക്തിഗത സുരക്ഷ ഉപകരണങ്ങളും മെഡിക്കൽ അനുബന്ധ ഉപകരണങ്ങളും മരുന്നുകളുമായി 15 ലക്ഷം രൂപയുടെ സാധനസാമഗ്രികൾ ആലുവ ജില്ലാ ആശുപത്രിയിൽ നിന്നും യു.സി കോളേജ് സെന്ററിലേക്ക് നൽകി. സെന്ററിലെ ജീവനക്കാർക്കും വളണ്ടിയർമാർക്കുമുള്ള പരിശീലനപരിപാടി ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. കെ. പ്രസന്നകുമാരി ഉദ്ഘാടനം ചെയ്തു. ജില്ലാ പരിശീലക ടീമംഗം ജോയ്‌സി ജോയ്, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ എം.ഐ.സിറാജ് എന്നിവർ നേതൃത്വം നൽകി.

#സെന്ററിന്റെ ദൈനംദിന നടത്തിപ്പ് ചുമതല നഗരസഭക്ക്


രോഗികൾക്കുള്ള അടിസ്ഥാനസൗകര്യം ഒരുക്കലും, രോഗികളുടെ ഭക്ഷണം, വളണ്ടിയർമാരുടെ നിയമനം, ശുചീകരണ തൊഴിലാളികളുടെ നിയമനം, ഡാറ്റ എൻട്രി ഓപ്പറേറ്ററുടെ നിയമനങ്ങൾ എല്ലാം ആലുവ നഗരസഭയുടെ ചുമതലയാണ്.ഇന്റർനെറ്റ് സൗകര്യത്തോടെ ലാപ്‌ടോപ്, പ്രിന്റർ, മൊബൈൽ ഫോൺകൾ, ആംബുലൻസ്, വാഹനം തുടങ്ങിയവയും നഗരസഭ സജ്ജമാക്കി.

യു.സി കോളേജിലെ വനിതാ ഹോസ്റ്റലിൽ വനിതാ ജീവനക്കാർക്കും, സ്‌പോർട്ട്‌സ് ഹോസ്റ്റലിൽ പുരുഷ ജീവനക്കാർക്കും താമസസൗകര്യവും ഏർപ്പാടുത്തി. നഗരസഭ അദ്ധ്യക്ഷ ലിസി എബ്രഹാം, സ്ഥിരംസമിതി അദ്ധ്യക്ഷൻമാരായ ടിമ്മി ടീച്ചർ, ജെറോം മൈക്കിൾ, പ്രതിപക്ഷനേതാവ് രാജീവ് സഖറിയാ,നഗരസഭ സെക്രട്ടറി ടോബി തോമസ്, ഹെൽത്ത് സൂപ്പർവൈസർ പി.അബ്ദുൾഖാദർ, എച്ച്.ഐ. മധുസുധന പിള്ള എന്നിവർ സംബന്ധിച്ചു.