ആലുവ: സ്കൂട്ടർ യാത്രക്കാരിയെ പിന്തുടർന്നെത്തി കടന്നുപിടിക്കാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി. ചുണങ്ങംവേലി മനയിൽവീട്ടിൽ അജ്മലാണ് (24) അറസ്റ്റിലായത്.
ചെവ്വാഴ്ച രാത്രി ഏഴോടെ കീഴ്മാട് ഡോൺബോസ്കോ ഭാഗത്തുവച്ചായിരുന്നു സംഭവം. വാഴക്കുളത്തെ സ്ഥാപനത്തിൽ നിന്ന് സ്കൂട്ടറിൽ വീട്ടിലേക്ക് പോകുകയായിരുന്ന 35കാരിയെ നാലാംമൈൽ ഭാഗത്തുനിന്നും പിന്തുടർന്ന യുവാവ് ബൈക്ക് സ്കൂട്ടറിൽ ഉരസി മറിച്ചതായി യുവതി പറയുന്നു. റോഡിലേക്കുവീണ യുവതി എഴുന്നേൽക്കാൻ ശ്രമിക്കുമ്പോഴാണ് കടന്നുപിടിക്കാൻ ശ്രമിച്ചത്. യുവതി ബഹളം വച്ചതോടെ പ്രതി ബൈക്കുമായി കടന്നു.
സമീപത്തെ ഹോളോബ്രിക്സ് സ്ഥാപനത്തിൽ ഉണ്ടായിരുന്ന യുവാക്കാൾ പല വഴികളിലേക്കായി ബൈക്കുകളിൽ തെരച്ചിൽ നടത്തിയാണ് പ്രതിയെ കണ്ടെത്തിയത്. യുവതിയെത്തി തിരിച്ചറിയുകയും ചെയ്തു. ആലുവ കോടതിയിൽ ഹാജരാക്കി.