വൈപ്പിൻ: കഴിഞ്ഞ രാത്രിയിൽ ഉണ്ടായ ശക്തമായ കാറ്റും മഴയും മൂലം വൈപ്പിൻകരയിൽ പലയിടത്തും നാശനഷ്ടങ്ങൾ ഉണ്ടായി. എളങ്കുന്നപ്പുഴ സ്‌കൂൾമുറ്റം കിഴക്ക് തെങ്ങ് വീണ് കളരിക്കൽ സെബാസ്റ്റ്യൻ്റെ ഓടിട്ട വീട് തകർന്നു. ആർക്കും പരിക്കില്ല. എളങ്കുന്നപ്പുഴ എസ്.ആർ പമ്പിന് മുന്നിലെ പലചരക്ക് കടയോട് ചേർന്നുള്ള വീടിന് മുകളിലേക്ക് സമീപത്തെ തണൽവൃക്ഷത്തിൻ്റെ വലിയ ശിഖിരം ഒടിഞ്ഞുവീണ് വീട് തകർന്നു. ഉറങ്ങി കിടന്നിരുന്ന വീട്ടുടമ ഷിബുവും ഭാര്യയും രണ്ട് കുട്ടികളും മേൽക്കൂര തകർന്നതിനെ തുടർന്ന് രാവിലെ വരെ ഒരു മൂലയിൽ ഒതുങ്ങികൂടിയിരുന്നു.ആർക്കും പരിക്കില്ല. തെക്കൻ മാലിപ്പുറം കണ്ണൻകുളത്തിൽ ഓമന കൃഷ്ണൻകുട്ടിയുടെ വീട് തകർന്നു വീണു. കുഴുപ്പിള്ളി ചെറുവൈപ്പിൽ ഇലക്ട്രിക് പോസ്റ്റുകൾ ഒടിഞ്ഞ് വീണു. പള്ളിപ്പുറം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ തെങ്ങുകളും മരങ്ങളും വീണ് രാത്രി മുതൽ ഇന്നലെ ഉച്ച വരെ വൈദ്യുതി വിതരണം മുടങ്ങി.