കൊച്ചി: സർക്കാർ ശമ്പളത്തിൽ സ്വപ്ന സുരേഷ് അടക്കമുള്ള തട്ടിപ്പുകാരെ നിയമിച്ച പിണറായി സർക്കാർ പി.എസ്.സി പരീക്ഷയെഴുതി തൊഴിലിനായി കാത്തിരിക്കുന്ന ലക്ഷക്കണക്കിന് യുവാക്കളുടെ ചരമക്കുറിപ്പാണ് എഴുതിയതെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് കെ.പി.ധനപാലൻ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കെ.പി.സി.സി യുടെ സേവ് കേരള സ്പീക്ക് അപ്പ് ക്യാമ്പയിൻ എറണാകുളം ഡി.സി.സി ഓഫീസിന് മുന്നിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വർണക്കള്ളക്കടത്ത് കേസിൽ തന്റെ ഓഫീസിനെതിരെ അന്വേഷണം നടന്നിട്ടും ഒരു ലജ്ജയുമില്ലാതെ അതിനെ ന്യായീകരിക്കാൻ പിണറായി വിജയനെന്ന മുഖ്യമന്ത്രിക്ക് മാത്രമേ കഴിയൂ എന്നും ധനപാലൻ പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് ടി.ജെ.വിനോദ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. മുൻ മന്ത്രി ഡൊമിനിക് പ്രസന്റേഷൻ, എം.എൽ.എ മാരായായ പി.ടി. തോമസ്, വി.പി. സജീന്ദ്രൻ, അൻവർ സാദത്ത്, എൽദോസ് കുന്നപ്പിള്ളി, റോജി എം. ജോൺ, കെ.പി.സി.സി സെക്രട്ടറിമാരായ ജെയ്‌സൺ ജോസഫ്, സക്കീർ ഹുസ്സൈൻ, മാത്യു കുഴൽനാടൻ, മുൻ മേയർ ടോണി ചമ്മണി, മുഹമ്മദ് ഷിയാസ്, വി.കെ ശശികുമാർ, ജോഷി പള്ളൻ എന്നിവർ സംസാരിച്ചു.