ആലുവ: ആലുവ പാലസിലിരുന്നാണ് കൃഷിവകുപ്പ് മന്ത്രി വി.എസ്. സുനിൽകുമാർ ഇന്നലെ നടന്ന മന്ത്രിസഭായോഗത്തിൽ പങ്കാളിയായത്. കൊവിഡിന്റെ പശ്ചാത്തലത്തിൽ മന്ത്രിസഭായോഗം വിഡിയോ കോൺഫറൻസ് വഴിയാക്കി നിശ്ചയിച്ചിരുന്നു. ഇതിനുമുമ്പും ഒരു മന്ത്രിസഭായോഗം ഇത്തരത്തിലായിരുന്നു. അന്ന് തൃശൂർ കളക്ടറേറ്റിലാണ് മന്ത്രിക്ക് വീഡിയോ കോൺഫറൻസിനുള്ള സംവിധാനം സജ്ജമാക്കിയത്.
ഐ.ടി വകുപ്പിൽ നിന്നുള്ള ഉദ്യോഗസ്ഥർ ഇന്നലെ രാവിലെ എട്ടോടെ പാലസിലെ 201-ം നമ്പർ മുറിയിൽ വിഡിയോ കോൺഫറൻസ് സംവിധാനം സജ്ജമാക്കി. 10 മണിക്കായിരുന്നു മന്ത്രിസഭായോഗം.
കൊവിഡ് പ്രതിരോധപ്രവർത്തനത്തിന്റെ ജില്ലയുടെ ചുമതല മന്ത്രിക്കാണ്. അതിനാൽ മാസങ്ങളായി ജില്ലയിലാണ് തങ്ങുന്നത്. ആലുവ പാലസിലാണ് മിക്കവാറും താമസം. പെരിയാറിന്റെ സാമീപ്യം വല്ലാത്ത അനുഭവം തന്നെയാണെന്ന് മന്ത്രി പറയുന്നു. മന്ത്രി പാലസ് വളപ്പിൽ പച്ചക്കറി കൃഷിയും നടത്തുന്നുണ്ട്. ഇടയ്ക്കിടെ പച്ചക്കറിയുടെ പരിചരണത്തിനും സമയം കണ്ടെത്തുന്നു.