house

കൊച്ചി: കൊവിഡ് വ്യാപനത്തിനിടെ ലൈഫ് മിഷൻ ഭവനപദ്ധതിയിൽ ഓൺലൈൻ അപേക്ഷ സമർപ്പിക്കൽ ആരംഭിച്ചതോടെ വീടില്ലാത്ത ഗുണഭോക്താക്കൾ നെട്ടോട്ടത്തിലാണ്. കണ്ടെയ്‌ൻമെന്റ് സോണുകളിൽ അക്ഷയ ഉൾപ്പെടെ ജനസേവാ കേന്ദ്രങ്ങളുടെ പ്രവർത്തനം നിലച്ചതും മറ്റിടങ്ങളിൽ പ്ലസ് വൺ, കോളേജ് പ്രവേശനത്തിനും സർട്ടിഫിക്കറ്റ് വാങ്ങാനും വിദ്യാർത്ഥികളുടെ തിരക്കുമായതോടെ ദുരിതം ഇരട്ടിയായി.

ഈമാസം ഒന്നുമുതൽ 2017 ലെ ഭവനപദ്ധതി ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെടാത്ത അർഹരായവരുടെ അപേക്ഷ സ്വീകരിച്ചു തുടങ്ങി. സ്വയം അപേക്ഷ സമർപ്പിക്കാൻ ഗുണഭോക്താക്കൾക്ക് അവസരം നൽകിയെങ്കിലും വിവിധ സർട്ടിഫിക്കറ്റുകൾ ഉൾപ്പെടെ അപ്‌ലോഡ് ചെയ്തു നടപടിക്രമങ്ങൾ പൂർത്തിയാക്കുക എളുപ്പമല്ല. ഇതുമൂലം ഭൂരിഭാഗം പേർക്കും അപേക്ഷ സമർപ്പിക്കാൻ കഴിയുന്നില്ല. വില്ലേജ് ഓഫീസുകളിൽനിന്ന് നേരിട്ട് ലഭിക്കേണ്ട രേഖകളും പലർക്കും ലഭിച്ചിട്ടില്ല.

# പ്രതിഷേധം ശക്തം

കൊവിഡ് പശ്ചാത്തലത്തിൽ അപേക്ഷാ നടപടിക്രമങ്ങൾ ആരംഭിച്ചതിനെതിരെ പ്രതിഷേധം ശക്തമാണ്. പതിനാലു വരെയാണ് അപേക്ഷ സമർപ്പിക്കേണ്ട സമയം. സർട്ടിഫിക്കറ്റുകൾ ലഭിക്കാനുണ്ടാവുന്ന ബുദ്ധിമുട്ടും അക്ഷയ സെന്ററുകളിലെ തിരക്കുംമൂലം സമയം നീട്ടണമെന്ന് ആവശ്യമുയർന്നു.
സംസ്ഥാനത്തെ പ്ലസ് വൺ കോഴ്‌സുകളിലേക്കും എം.ജി, കേരള, സംസ്‌കൃത സർവകലാശാലകളിലെയും പ്രവേശന നടപടികൾ പുരോഗമിക്കുകയാണ്. വിദ്യാർത്ഥികൾക്ക് വീട്ടിലിരുന്ന് അപേക്ഷ സമർപ്പിക്കാൻ അവസരം നൽകിയിരുന്നെങ്കിലും ജാതി, വരുമാനം തുടങ്ങിയ സർട്ടിഫിക്കറ്റുകൾക്കായി ജനസേവാ കേന്ദ്രങ്ങളെ ആശ്രയിക്കേണ്ടിവരുന്നു. ഇതിനിടയിലേക്കാണ് ലൈഫ് പദ്ധതിയുടെ ഗുണഭോക്താക്കളും എത്തുന്നത്. ഒരു സർട്ടിഫീക്കറ്റ് സമർപ്പിക്കാൻ ചുരുങ്ങിയത് 40 മിനിറ്റു വരെ വേണം.


അപേക്ഷകരുടെ എണ്ണം കൂടുന്നു

നിയന്ത്രണമില്ലാതെയാണ് അപേക്ഷകരും വിദ്യാർത്ഥികളും അക്ഷയ കേന്ദ്രങ്ങളിലേക്കും ജനസേവ കേന്ദ്രങ്ങളിലേക്കും എത്തുന്നത്. അപേക്ഷ സമർപ്പിക്കാനുള്ള ഇ ഡിസ്ട്രിക്ട് പോർട്ടലിന്റെ അപ്‌ഡേഷൻ നടക്കുന്നതിനാൽ സർവർ തകരാറിലായി ഒരു അപേക്ഷപോലും സമർപ്പിക്കാൻ സാധിക്കാത്ത കേന്ദ്രങ്ങളുമുണ്ട്. പല അക്ഷയ കേന്ദ്രങ്ങളിലും കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് ആളുകൾ എത്തുന്നതും ആശങ്കയുണ്ടാക്കുന്നു.

സൽജിത്ത് പട്ടത്താനം, സെക്രട്ടറി,

അക്ഷയ എൻട്രപ്രണേഴ്‌സ് വെൽഫെയർ അസോ.