കൊച്ചി: കണ്ടെയ്ൻമെന്റ് സോണിലായ പശ്ചിമകൊച്ചിയിലെ എല്ലാ ഡിവിഷനിലുമുള്ള ഗുണഭോക്താക്കൾക്ക് ലൈഫ്ഭവന പദ്ധതിയിൽ അപേക്ഷിക്കാൻ കൂടുതൽ സമയം അനുവദിക്കണമെന്ന് കെ.എസ്.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് തോമസ് കൊറശേരി ആവശ്യപ്പെട്ടു. ആഗസ്റ്റ് ഒന്ന് മുതൽ പതിനാലുവരെയാണ് ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കാൻ അനുവദിച്ചിരിക്കുന്ന സമയം. അപേക്ഷയോടൊപ്പം വരുമാന സർട്ടിഫികറ്റ്, സ്വന്തമായി ഭൂമിയില്ലെന്ന വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം എന്നിവയും സമർപ്പിക്കണം. കണ്ടെയ്ൻമെന്റ് സോണായതിനാൽ വില്ലേജ് ഓഫീസുകൾ പൂർണതോതിൽ പ്രവർത്തിക്കുന്നില്ല. അക്ഷയ കേന്ദ്രങ്ങളും അടച്ചിട്ടിരിക്കുകയാണ്. ഇതിനു പുറമെ വീടിന് പുറത്തിറങ്ങാൻ പൊലീസും അനുവദിക്കുന്നില്ല. അതുകൊണ്ട് സമയപരിധിക്കുള്ളിൽ അപേക്ഷ സമർപ്പിക്കാനാവാതെ ഭാവനരഹിതർ നെട്ടോട്ടത്തിലാണ്.സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഭവനരഹിതരുള്ള പ്രദേശമാണ് മട്ടാഞ്ചേരി. നിലവിലെ സാഹചര്യം കണക്കിലെടുത്ത് അപേക്ഷസമർപ്പിക്കാനുള്ള സമയം ദീർഘിപ്പിച്ച് നൽകണമെന്നാണ് ആവശ്യം.