കൊച്ചി: ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ അടിയന്തര മുന്നൊരുക്ക നടപടികൾ ആരംഭിച്ചു.
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ഓറഞ്ച് ബുക്കിനെ അടിസ്ഥാനമാക്കിയാണ് തയ്യാറെടുപ്പുകൾ നടക്കുക. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ജില്ലാ കളക്ടർ എസ്. സുഹാസ് വിവിധ വകുപ്പുകൾക്ക് നിർദേശം നൽകി. ആഗസ്റ്റ് ആറ് മുതൽ 9 വരെയാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
അപകടസാദ്ധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവരെ മുൻകൂട്ടി തയ്യാറാക്കിയ ക്യാമ്പുകളിലേക്ക് മാറ്റും. ജില്ലയിലെ മലയോര മേഖലകളിലും പുഴയോരങ്ങളിലും തീരപ്രദേശങ്ങളിലും കാമ്പുകൾ സജ്ജമാക്കും. ജിയോളജിക്കൽ സർവേ ഒഫ് ഇന്ത്യ, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ വിദഗ്ദ്ധ സമിതി എന്നിവർ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാദ്ധ്യതയുണ്ടെന്ന് കണ്ടെത്തിയ പ്രദേശങ്ങളിൽ ആയിരിക്കും അടിയന്തരമായി ക്യാമ്പുകൾ സജ്ജമാക്കുന്നത്. ജനങ്ങൾക്ക് 'അനൗൺസ്‌മെന്റ്' വഴി വിവരം നൽകും. വെള്ളപ്പൊക്ക സാദ്ധ്യതയുള്ള താഴ്ന്ന പ്രദേശങ്ങളിൽ മുൻകൂട്ടി ക്യാമ്പുകൾ സജ്ജമാക്കുകയും മഴ തുടങ്ങുന്ന ഉടനെ ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റിത്താമസിപ്പിക്കുകയും ചെയ്യും. കടലാക്രമണ സാദ്ധ്യതയുള്ള പ്രദേശങ്ങളിലും ക്യാമ്പുകൾ സജ്ജമാക്കും.
കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടായിരിക്കും ക്യാമ്പുകളുടെ പ്രവർത്തനം. പ്രായമായവർ, നിരീക്ഷണത്തിൽ കഴിയുന്നവർ, രോഗ ലക്ഷണമുള്ളവർ തുടങ്ങിയവർക്കായി പ്രത്യേക ക്രമീകരണങ്ങൾ നടത്തും. പശ്ചിമഘട്ട മലയോര മേഖലയിലേക്കുള്ള ഗതാഗതം വൈകിട്ട് 7 മുതൽ രാവിലെ 7വരെ നിയന്ത്രിക്കും. താലൂക്ക്, പഞ്ചായത്ത് കൺട്രോൾ റൂമുകൾ പ്രവർത്തിപ്പിക്കാൻ ജില്ലാ ദുരന്തനിവാരണ അതോറിറ്റി നിർദേശം നൽകി. പൊലീസ്, അഗ്‌നിരക്ഷാസേന, ഫയർ ആൻഡ് റെസ്‌ക്യൂ സേന, സിവിൽ ഡിഫൻസ് അംഗങ്ങൾ തുടങ്ങിയവർ അടിയന്തര സാഹചര്യങ്ങൾ നേരിടാനായി തയ്യാറായിരിക്കാനും നിർദേശിച്ചു.
ഭൂതത്താൻ അണക്കെട്ട്
ജലനിരപ്പ് ഉയരുന്നു
ഭൂതത്താൻകെട്ട് അണക്കെട്ടിന്റെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ വൈകിട്ടോടെ ജലനിരപ്പ് 28.50 മീറ്ററായി.15 ഷട്ടറുകൾ പൂർണമായി തുറന്നു. അണക്കെട്ടിന്റെ പൂർണ ജലനിരപ്പ് 34.95 മീറ്ററാണ്. 12 ഷട്ടറുകൾ 2.69 മീറ്റർ വീതവും മൂന്ന് ഷട്ടറുകൾ 3.90 മീറ്റർ വീതവും തുറന്ന് പെരിയാറിലേക്ക് വെള്ളമൊഴുക്കുന്നു.