കൊച്ചി: തിരുവനന്തപുരത്തെ ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസിന്റെ ഡയറക്ടർ പദവിയിൽ ഡോ. ആഷാ കിഷോറിന്റെ കാലാവധി നീട്ടിനൽകിയ നടപടി മറ്റൊരു ഉത്തരവുവരെ സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ഡ്രൈബ്യൂണൽ സ്റ്റേചെയ്തു. സ്ഥാപനത്തിന്റെ പ്രവർത്തനം സുഗമമായി നടത്താൻ ആവശ്യമായ സംവിധാനം ഒരുക്കാൻ കേന്ദ്ര സർക്കാരിനും ട്രൈബ്യൂണൽ നിർദേശം നൽകി. ‌കേന്ദ്രസർക്കാരിന്റെ അനുമതിയില്ലാതെ ഡയറക്ടർ പദവി നീട്ടിനൽകി ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡന്റിന്റെ ഉത്തരവ് ചട്ടങ്ങൾ പാലിക്കാതെയാണെന്ന് ഉന്നയിച്ച് ഡോ. സജിത് സുകുമാരൻ സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്.

ഡയറക്ടറുടെ ഒൗദ്യോഗിക കാലാവധി നീട്ടാൻ ഇൻസ്റ്റിറ്റ്യൂട്ടിനോ ഭരണസമിതിക്കോ അധികാരമില്ലെന്ന് ട്രൈബ്യൂണൽ ഡിവിഷൻബെഞ്ച് ഉത്തരവിൽ വ്യക്തമാക്കി. ഡയറക്ടറുടെ കാലാവധിയായ അഞ്ചുവർഷം ജൂലായ് 17ന് അവസാനിച്ചു. ഒഴിവ് വിജ്ഞാപനം ചെയ്യാൻ നടപടി സ്വീകരിച്ചില്ലെന്ന് ഹർജിയിൽ പറയുന്നു.