തോപ്പുംപടി: പശ്ചിമകൊച്ചിയിൽ രോഗ ഭീതി ഒഴിയുന്നില്ല. ഇന്നലെ മാത്രം സമ്പർക്കത്തിലൂടെ 34 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഫോർട്ടുകൊച്ചി-19, പള്ളുരുത്തി - ആറ്,​മട്ടാഞ്ചേരി-എട്ട്. ചെല്ലാനം - ഒന്ന്. ഇതോടെ പൊലീസ് പരിശോധനയും പശ്ചിമകൊച്ചിയിൽ കർക്കശമാക്കി. ആവശ്യ സാധനങ്ങൾ വില്പന നടത്തുന്ന കടകൾ ഒഴികെ എല്ലാം അടച്ചു പൂട്ടി. ബാങ്കുകളും എ.ടി.എം കൗണ്ടറുകളും തുറന്നു പ്രവർത്തിക്കുന്നുണ്ട്. അനാവശ്യമായി എത്തുന്ന കാൽനടയാത്രക്കാരെ പോലും പൊലീസ് വീട്ടിലേക്ക് പറഞ്ഞു വിടുകയാണ്. ആശുപത്രി, മരണം എന്നീ രണ്ട് ആവശ്യങ്ങൾക്ക് പോകുന്നവർക്ക് മാത്രമാണ് പൊലീസ് അനുവാദം നൽകുന്നത്. പശ്ചിമകൊച്ചിയിൽ നിന്നും പുറത്തേക്കും അകത്തേക്കും വരുന്ന പാലങ്ങളിലെ വാഹനങ്ങൾക്ക് പൊലീസ് കടുത്ത നിയന്ത്രണമാണ് ഏർപ്പെടുത്തിയിരിക്കുന്നത് .തുറന്ന് പ്രവർത്തിക്കുന്ന കടകൾ ഉച്ചക്ക് അടക്കണമെന്നാണ് പൊലീസ് നിർദേശം.ഇന്നലെ ഉച്ചക്ക് ശേഷം പ്രവർത്തിച്ച കടകൾ പലതും പൊലീസ് എത്തി അടപ്പിച്ചു.