ആലുവ: അണക്കെട്ടുകൾ തുറന്നുവിട്ടതോടെ തുടർച്ചയായി രണ്ടാം ദിവസവും പെരിയാർ കരകവിഞ്ഞു. മണപ്പുറം ശിവക്ഷേത്രത്തിൽ ഇന്നലെയും വീണ്ടും വെള്ളംഉയർന്നു. അണക്കെട്ടുകൾ തുറന്ന് വിട്ടതിനാൽ പെരിയാറിലെ ചെളിയുടെ അളവും കൂടിയിട്ടുണ്ട്. രണ്ട് ദിവസത്തിനിടെ ചെളിയുടെ അളവ് ഉയർന്ന് 75 എൻ.ടി.യു.വരെയെത്തി. ചൊവ്വാഴ്ച ഇത് 60 എൻ.ടി.യു.വായിരുന്നു. കുടിക്കാൻ നൽകുന്ന വെള്ളത്തിൽ അഞ്ച് എൻ.ടി.യു.വിൽ താഴെ മാത്രമാണ് ചെളിയുടെ അളവ്. 225 എം.എൽ.ഡി. വെള്ളം ശുദ്ധീകരിക്കാനുള്ള ശേഷിയാണ് ആലുവ ജലശുദ്ധീകരണ ശാലയ്ക്കുള്ളത്. പതിവുപോലെ ആവശ്യമായ വെള്ളം ശുദ്ധീകരിച്ച് വിതരണം ചെയ്യാൻ കഴിഞ്ഞതായി ജലഅതോറിറ്റി അധികൃതർ അറിയിച്ചു.