കൊച്ചി: നിർമ്മാണമേഖലകളിൽ പണിയെടുക്കുന്നതും ക്ഷേമനിധി ബോർഡിൽ അംഗമുള്ളവരുമായ തൊഴിലാളികൾ ബാങ്കിലടച്ചിട്ടുള്ള കോടിക്കണക്കിനു രൂപ സർക്കാരിനു ധൂർത്തടിക്കാനുള്ളതല്ലെന്നും ബോർഡിലെ വഴി വിട്ട നിയമനം തടയണമെന്നും കെ.കെ.എൻ.ടി.സി. സംസ്ഥാന സമിതി ആവശ്യപ്പെട്ടു. തൊഴിലാളികളുടെ പണമായ ആറുകോടി എഴുപത്തിരണ്ട് ലക്ഷം രൂപയാണ് ട്രഷറിയിൽ നിന്നും കാണാതായത്. പാവപ്പെട്ട തൊഴിലാളികളുടെ പിച്ചച്ചട്ടിയിലാണ് കൈയിട്ടുവാരൽ നടത്തിയിരിക്കുന്നത്. ട്രഷറി തട്ടിപ്പ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥർ നിർമ്മാണ തൊഴിലാളികളുടെ കാണാതായ നിക്ഷേപം കൂടി അന്വേഷിച്ചു കുറ്റം ചെയ്തവർക്കെതിരെ നടപടികൾ സ്വീകരിക്കണം. ബോർഡിലെ ജീവനക്കാരുടെ നിയമനം നിയമം അനുസരിച്ചു തന്നെ നടത്തണമെന്നും സി.പി.എം പാർട്ടിക്കാരെ തിരുകി കയറ്റുന്ന നടപടിയിൽ നിന്ന് പിന്തിരിയണമെന്നും സംസ്ഥാന ഭാരവാഹികളായ ജോസ് കപ്പിത്താൻപറമ്പിൽ, സാംസൺ അറക്കൽ, ജില്ലാ പ്രസിഡന്റ് എം.എം.രാജു എന്നിവർ ആവശ്യപ്പെട്ടു.