അങ്കമാലി:വീട്ടുമുറ്റത്ത് അടുക്കള തോട്ടം പോലെ നെൽ കൃഷിയുടെ ചെയ്യാം. ഇതിനായി നൂതന സംവിധാനമൊരുക്കിയിരിക്കുകയാണ് ജോസ് ജോൺസനും, സഹോദരി മെറിനും .പുതു തലമുറയ്ക്ക് അന്നമൂട്ടുന്ന കാർഷികാഭിരുചി പകർന്ന് നൽകുയാണ്‌ലക്ഷ്യം.കൂട്ടത്തിൽ തങ്ങളുടെ വിളകൊയ്‌തെടുത്ത് ഓണസദ്യഒരുക്കാൻ കാത്തിരിക്കുകയാണ് ഇരുവരും. .
കറുകുറ്റി എടക്കുന്ന് സ്വദേശി മാവേലി ജോസഫ് ജോൺസൺ ന്റെയും ജെയ്‌സിയുടെയും മക്കളാണ് ഇരുവരും. നെല്ല്, അരിവ്യാപാര രംഗത്ത് തഴക്കവും പഴക്കവുമുള്ള കുടുംബമാണ് ജോൺസൺന്റേത്. അതുകൊണ്ട് തന്നെ മക്കളും ഉന്നത വിദ്യാഭ്യാസത്തോടൊപ്പം കാർഷിക രംഗത്ത് തങ്ങളുടെ അഭിരുചി പ്രകടിപ്പിച്ചത് നെൽകൃഷിയുടെ പുതു സാധ്യത കണ്ടെത്തുന്നതിലാണ്.രാജഗിരി കോളജ് ഒഫ് സോഷ്യൽ സയൻസിലെ എം. എസ് .ഡബ്യു വിദ്യാർത്ഥിയാണ് ജോസ്. സഹോദരി മെറിൻ സഹൃദയ കോളജിൽ ബയോ ടെക്‌നോളജി എൻജിനീയറിംഗ് വിദ്യാർത്ഥിയാണ്. ജോൺസന്റെ സഹോദര മക്കളും നെൽകൃഷിയുടെ പാതയിൽ ഇവർക്ക് സഹായവുമായി എപ്പോഴുമുണ്ട്. ഉമ മട്ട അരിയുടെ നെല്ലാണ് ഇവിടെ കൃഷിയിറക്കിയിട്ടുള്ളത്. അരി ബിസിനസുകാരനായ ജോൺസന്റെ പരിചയത്തിൽ പാലക്കാട് നിന്നും ഇതിന്റെ ഞാറ് സംഘടിപ്പിയ്ക്കുകയായിരുന്നു. വിളവെടുപ്പിൽ 15കിലോ നെല്ലെങ്കിലും ലഭിക്കുമെന്ന കണക്ക് കൂട്ടലിലാണ് ജോസും സഹോദരി മെറിനും.
നൂതന സംവിധാനം
ഹോളോ ബ്രിക്‌സ് കൊണ്ട് ബണ്ട് കെട്ടി ടാർപ്പായ വിരിച്ച് ചെളിയിട്ട് വെള്ളമൊഴിച്ച് കണ്ടം പോലെയാക്കി.മൂന്ന് ദിവസം വെള്ളമൊഴിച്ച് നിറുത്തി പാടമാക്കി മാറ്റുകയായിരുന്നു.ഇങ്ങനെ വീട്ട് മുറ്റത്ത് ഒരുക്കിയ നെൽകൃഷി 70 ദിവസം പിന്നിടുന്നു. നന്നായി തഴച്ചു വളരുന്ന നെൽചെടികൾ ഇനി രണ്ടാഴ്ച്ചയ്ക്കകം കതിരാകും.
വെള്ളം കെട്ടി നിറുത്താനും പുറത്തേക്ക് ഒഴുക്കി കളയാനുമുള്ള സൗകര്യമുണ്ടെങ്കിൽ മുറ്റത്തോ, ചട്ടിയിലോ, ടെറസിലോ നന്നായി നെൽകൃഷി ചെയ്യാനാകുമെന്നും അങ്ങനെ വീട്ടാവശ്യത്തിനുള്ള ഗുണ മേന്മയേറിയ അരി ഉൽപ്പാദനം പടിവാതിൽക്കൽ ലഭ്യമാക്കാനും സാധ്യമാക്കാമെന്നും ഇവർ പറയുന്നു.