കൊച്ചി: ചൈനയെക്കുറിച്ച് അവഗണിക്കാനാവാത്ത ചിലതുണ്ടെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങൾ പരിഹരിക്കാൻ ചൈനയുടെ മന:സ്ഥിതി മനസിലാക്കാൻ ഇന്ത്യ കൂടുതൽ ശ്രമിക്കേണ്ടതുണ്ടെന്നും മുൻ അംബാസഡർ ടി.പി. ശ്രീനിവാസൻ പറഞ്ഞു. വേൾഡ് ട്രേഡ് സെന്റർ കൊച്ചി, ഇൻഡോഅമേരിക്കൻ ചേംബർ ഒഫ് കൊമേഴ്‌സും സെന്റർ ഫോർ പബ്ലിക് പോളിസി റിസർച്ചുമായി ചേർന്ന് 'യു.എസ് - ഇന്ത്യ ബന്ധങ്ങളുടെ ഭാവി, മാറിക്കൊണ്ടിരിക്കുന്ന ആഗോളക്രമത്തിൽ ചൈനയുടെ പങ്ക്' എന്ന വിഷയത്തിൽ സംഘടിപ്പിച്ച തത്സമയ വെബിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യ-ചൈന അതിർത്തി പ്രശ്‌നങ്ങൾ നിലനിൽക്കുമ്പോഴും തെക്കൻ ചൈനാകടലിലെ പിരിമുറുക്കങ്ങൾക്കിടയിലും കൊവിഡ്19 ന്റെ പശ്ചാത്തലത്തിൽ സമാധാനമുണ്ടാക്കാനാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. ഉന്നത സൈനിക ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയും സാമ്പത്തിക നടപടികളിലൂടെയും സൈനിക കഴിവുകൾ വിപുലീകരിച്ചും ഇന്ത്യയ്ക്ക് ചൈനയുമായി ഇടപെടാൻ കഴിയും. ഇന്ത്യയുടെ സൈനികശേഷി കൂടുതൽ ശക്തിപ്പെടുത്തുന്നത് അമേരിക്കയുമായുള്ള സഹകരണത്തിൽ ആശ്രയിച്ചിരിക്കുന്നു. ആഗോള ആധിപത്യത്തിനായുള്ള പോരാട്ടത്തിൽ അമേരിക്ക ഇന്ത്യയെ ഒരു സുഹൃത്തായി കാണുന്നു. ആരംഭത്തിലേ കൊവിഡ് സാഹചര്യം കൈകാര്യം ചെയ്തതിലൂടെയും വൈദ്യശാസ്ത്രത്തിൽ ഇന്ത്യ കൈവരിച്ചിട്ടുള്ള പുരോഗതിയും ലോകത്ത് മഹാമാരിയെ നേരിടാനുള്ള ആഗോളസഖ്യത്തിൽ ഇന്ത്യക്ക് ഉയർന്ന ഒരു സ്ഥാനം നൽകിയെന്നും ആഗോളക്രമത്തിൽ ഇന്ത്യയുടെ നില മെച്ചപ്പെടുത്താൻ ഇത് സഹായകമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.