കൊച്ചി: കാലപ്പഴക്കം ചെന്ന എറണാകുളം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് കെട്ടിടഭാഗങ്ങൾ ഇടിഞ്ഞു വീഴുന്നു. കഴിഞ്ഞ ദിവസം ടിക്കറ്റ്, ക്യാഷ് കൗണ്ടറിലേക്കുള്ള പടിക്കെട്ടിന് മുകളിലെ വലിയ കോൺക്രീറ്റ് പാളി അടർന്ന് വീണു. കണ്ടക്ടർമാർ കയറിയിറങ്ങുന്ന ഇടമാണിത്. കൊവിഡിനെ തുടർന്ന് ജീവനക്കാരുടെ എണ്ണം കുറവായിരുന്നതിനാൽ വലിയ അപകടമാണ് ഒഴിവായിയത്. ഇരുനില കെട്ടിടത്തിന്റെ പ്രധാനഭാഗങ്ങളടക്കം ഏത് നിമിഷവും ഇടിഞ്ഞു വീഴുന്ന സ്ഥിതിയാണ്. ദിവസങ്ങളായി ചെളിവെള്ളം കെട്ടിക്കിടക്കുന്നതിനാൽ കെട്ടിടം ഏതു നിമിഷവും നിലം പൊത്തുമെന്ന ആശങ്കയിലാണ് ജീവനക്കാരും യാത്രക്കാരും. മെട്രോ നഗരത്തിന് അപമാനമാണ് നഗരഹൃദയത്തിലെ പൊളിഞ്ഞു വീഴാറായ കെട്ടിടം.

സർവത്ര മലിനജലം
ചാറ്റൽ മഴ പെയ്താൽ പോലും സ്റ്റാന്റിൽ വെള്ളം നിറയും. നിലവിൽ ജീവനക്കാർ മലിനജലത്തിൽ നിന്നാണ് ജോലി ചെയ്യുന്നത്. സമീപത്തെ കാനകളിൽ നിന്നുമാണ് മലിനജലം ഒഴുകിയെത്തി. താഴ്ന്ന പ്രദേശമായ ഇവിടെ ദിവസങ്ങളോളം കെട്ടിക്കിടക്കും. മനുഷ്യാവകാശ കമ്മിഷൻ ഒരു വർഷം മുമ്പ് ഇവിടം പരിശോധിച്ചിരുന്നു. ദുരിതം മുഴുവൻ ബസ് കാത്തു നിൽക്കുന്ന യാത്രക്കാർക്കും ജീവനക്കാർക്കുമാണ്. ഇവർ നേരിടുന്ന ആരോഗ്യ പ്രശ്നങ്ങളും അനവധിയാണ്.

പുതിയ കെട്ടിടം : കോടികൾ പാഴായി

കെട്ടിടനിർമാണത്തിന്റെ പേരിൽ രണ്ടു കോടി രൂപയാണ് പാഴാക്കിയത്. പുതിയ കെട്ടിട നിർമ്മാണത്തിന് മുന്നോടിയായി താത്കാലിക സ്റ്റാൻഡ് നിർമ്മിക്കാനാണ് ഹൈബി ഈഡൻ എം.എൽ.എ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് ആറു വർഷം മുമ്പ് തുക നൽകി. പണി ആരംഭിച്ചെങ്കിലും പിന്നീട് നിർമ്മാണം പകുതി പൂർത്തിയായപ്പോൾ തന്നെ കെട്ടിടത്തിന്റെ ഭാഗങ്ങളിൽ വിള്ളൽ വീഴുകയായിരുന്നു. ഇതുവരെ താത്കാലിക സ്റ്റാൻഡിലേക്ക് പ്രവർത്തനം മാറ്റാൻ സാധിച്ചിട്ടില്ല.12 ബസ് ബേകൾ, അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസ്, ടിക്കറ്റ്, ക്യാഷ് കൗണ്ടറുകൾ, 11 ടോയ്‌ലറ്റുകൾ എന്നിവയോടെയാണ് താത്കാലിക സ്റ്റാൻഡ് നിർമിക്കാൻ തീരുമാനിച്ചത്. ഇവയൊന്നും നടപ്പായില്ല.സ്റ്റാൻഡും പരിസരവും വൻകിട കെട്ടിടങ്ങൾ നിർമ്മിക്കുന്നതിനും വ്യാപാര ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതിനും നിരോധനം ഏർപ്പെടുത്തിയ മേഖലയായതിനാൽ സർക്കാറിന്റെയും കൊച്ചി നഗരസഭയുടെയും പ്രത്യേക അനുമതിയോടെയാണ് ബസ് ടെർമിനൽ കം ഷോപ്പിംഗ് കോപ്ലക്‌സും താത്കാലിക സ്റ്റാൻഡും നിർമിക്കുന്നതിന് പദ്ധതി തയാറാക്കിയത്.