swapna-suresh-

കൊച്ചി : ഭീകര ബന്ധം സംശയിക്കുന്ന നയതന്ത്ര ചാനൽ സ്വർണക്കടത്തു കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷിന് കോൺസുലേറ്റ് പ്രതിനിധിയെന്ന നിലയിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി സാധാരണ പരിചയവും (കാഷ്വൽ അസോസിയേഷൻ )​ മുഖ്യമന്ത്രിയുടെ ഒാഫീസിൽ സ്വാധീനവും ഉണ്ടായിരുന്നെന്ന് ദേശീയ അന്വേഷണ ഏജൻസി എറണാകുളം എൻ.ഐ.എ കോടതിയിൽ വ്യക്തമാക്കി. ചോദ്യം ചെയ്യലിൽ സ്വപ്ന തന്നെയാണ് ഇക്കാര്യം സമ്മതിച്ചത്.

ഇതോടെ, സി.പി.എമ്മും ഇടതു മുന്നണിയും കൂടുതൽ സമ്മർദ്ദത്തിലാവുകയും ബി. ജെ. പി ഉൾപ്പെടെ പ്രതിപക്ഷത്തിന് ആക്രമണം കടുപ്പിക്കാൻ അവസരമൊരുങ്ങുകയും ചെയ്തു. സർക്കാരിന് ഒന്നും ഭയക്കാനില്ലെന്നും എൻ.ഐ.എ അന്വേഷണം തന്റെ ഓഫീസിലും എത്തട്ടെയെന്നും മുഖ്യമന്ത്രി ആവർത്തിക്കുന്നതിനിടയിലാണ്, അദ്ദേഹവുമായുള്ള പരിചയവും ഓഫീസുമായുള്ള അടുത്ത ബന്ധവും സ്വപ്ന സമ്മതിച്ചത്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കർ സ്ഥിരമായി ഉപദേശം നൽകിയിരുന്നെന്നും അദ്ദേഹം തന്റെ മാർഗദർശിയാണെന്നും സ്വപ്ന എൻ. എെ.എയ്ക്ക് മൊഴി നൽകി.

സ്വപ്നയുടെ ജാമ്യഹർജിയെ എതിർത്തുള്ള വാദത്തിലാണ് എൻ. ഐ.എയുടെ വിശദീകരണം. യു.എ.ഇ കോൺസുലേറ്റ് പ്രതിനിധിയെന്ന നിലയിൽ മുഖ്യമന്ത്രിയുമായി സാധാരണ പരിചയമുണ്ടെന്നും (കാഷ്വൽ അസോസിയേഷൻ) അദ്ദേഹത്തിന്റെ ഒാഫീസിലെ ഉന്നത ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധമുണ്ടെന്നുമാണ് സ്വപ്നയുടെ മൊഴിയെന്ന് എൻ.ഐ.എയ്ക്കുവേണ്ടി ഹാജരായ അസിസ്റ്റന്റ് സോളിസിറ്റർ ജനറൽ പി. വിജയകുമാറാണ് വാദിച്ചത്. 32 പേജുള്ള മൊഴിയിലെ 21 -ാം പേജിൽ നിന്ന് ഇക്കാര്യങ്ങൾ അദ്ദേഹം വായിച്ചു.

സ്പേസ്‌ പാർക്ക് പദ്ധതിയിൽ സ്വപ്നയ്ക്ക് സ്വാധീനമുണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറാണ് സ്പേസ്‌ പാർക്കിൽ ജോലി വാഗ്ദാനംചെയ്തത്. കസ്റ്റംസ് പിടിച്ച സ്വർണം വിട്ടുനൽകാൻ നിർദ്ദേശിക്കണമെന്നാവശ്യപ്പെട്ട് സ്വപ്‌ന ശിവശങ്കറിന്റെ ഫ്ളാറ്റിൽ പോയിരുന്നു. ശിവശങ്കർ തയ്യാറായില്ല. പിന്നീട് സ്വപ്ന നേരിട്ട് കസ്റ്റംസ് ഉദ്യോഗസ്ഥരെ വിളിച്ച് ബാഗ് വിട്ടുനൽകാൻ ആവശ്യപ്പെട്ടു.

25 ദിവസമായി സ്വപ്ന കസ്റ്റഡിയിലാണെന്നും ഭീകര പ്രവർത്തനങ്ങൾക്ക് തെളിവു ഹാജരാക്കാൻ എൻ.ഐ.എയ്ക്ക് കഴിഞ്ഞില്ലെന്നും അവരുടെ അഭിഭാഷകൻ വാദിച്ചു. തുടർന്ന് ജാമ്യാപേക്ഷ വിധി പറയാൻ പത്തിലേക്ക് മാറ്റി

പൊലീസ് ബന്ധം

ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായും സ്വപ്നയ്ക്ക് ബന്ധമുണ്ടെന്ന് എൻ.ഐ.എ കോടതിയിൽ പറഞ്ഞു യു.എ.ഇയിലെ ട്രാഫിക് പരിഷ്കാരങ്ങളുമായി ബന്ധപ്പെട്ട് ഇവർക്ക് പരിശീലനത്തിന് സൗകര്യമൊരുക്കിയത് സ്വപ്നയാണ്. ഉന്നതരുമായുള്ള അടുപ്പം സംശയാസ്പദമാണ്. ഇക്കാര്യങ്ങൾ അന്വേഷിക്കണം.

ഭീകര ബന്ധം

സ്വർണക്കടത്തിന്റെ ഗൂഢാലോചനയിൽ സ്വപ്നയ്ക്ക് നിർണായക പങ്കുണ്ട്. യു.എ.ഇ കോൺസുലേറ്റിൽ നിന്ന് സ്വപ്ന രാജിവച്ചെങ്കിലും 1,000 ഡോളർ പ്രതിഫലം വാങ്ങി തുടർന്നും പ്രവർത്തിച്ചു. കോൺസൽ ജനറൽ എപ്പോഴും സ്വപ്നയുടെ സഹായം തേടിയിരുന്നു. കള്ളടക്കത്തിലൂടെ നേടിയ സമ്പത്ത് ദേശവിരുദ്ധ പ്രവർത്തനങ്ങൾക്കും ഭീകര പ്രവർത്തനങ്ങൾക്കും ഉപയോഗിച്ചതായി കരുതുന്നു.