കോതമംഗലം: താലൂക്കിൽ ഇന്നലെയുണ്ടായ കനത്ത കാറ്റിലും മഴയിലും നിരവധി വീടുകൾക്ക് നാശനഷ്ടമുണ്ടായി. മാലിപ്പാറ, പിണ്ടിമന, അടിയോടി പ്രദേശങ്ങളിലാണ് വലിയ നാശനഷ്ടം. മാലിപ്പാറയിലും പിണ്ടിമനയിലും വീടിന് മുകളിൽ മരങ്ങൾവീണ് കേടുപാടുകൾ സംഭവിച്ചു. വൻമരങ്ങൾ കഴപുഴകി വീണതിനാൽ വൈദ്യുതിബന്ധം താറുമാറായി. ഫയർഫോഴ്സെത്തിയാണ് മരങ്ങൾ വെട്ടിമാറ്റിയത്.
പിണ്ടിമനയിൽ അഞ്ചോളം ഇലക്ട്രിക് പോസ്റ്റുകൾ ഒടിയുകയും ലൈനുകൾ പൊട്ടുകയും ചെയ്തതിനാൽ ഇവിടങ്ങളിൽ വൈദ്യുതിനിലച്ചു. നിരവധി കർഷകരുടെ റബർ, അടയ്ക്കാമരം, വാഴ, കപ്പ തുടങ്ങിയവയും നശിച്ചു.കനത്ത മഴയിൽ പുഴകളും തോടുകളും നിറഞ്ഞൊഴുകുകയാണ്. രാത്രിയിലും മഴ തുടർന്നാൽ വീടുകളിൽ വെള്ളം കയറുമെന്ന ആശങ്കയിലാണ് കരിപ്പുഴിക്കടവ് മണികണ്ടംചാൽ കവളങ്ങാട് പ്രദേശത്തുള്ളവർ.