കൊച്ചി: വൈദ്യുതിബിൽ കുടിശിക ഒന്നരക്കോടി, കരാറുകാരുടെ കുടിശിക 100 കോടി, ജീവനക്കാർക്ക് ശമ്പളവും ബോണസും നൽകുന്നതുൾപ്പെടെ ഈമാസത്തെ ചെലവുകൾക്ക് 20 കോടി രൂപ വേണം. കോർപ്പറേഷന്റെ കൈയിലുള്ളത് ഒരു കോടി രൂപ മാത്രം.! നികുതി വരുമാനത്തിലെ വമ്പൻ ഇടിവുകാരണം കൊച്ചി നഗരസഭ കുത്തുപാളയെടുത്ത സ്ഥിതിയിലാണ്.

കഴിഞ്ഞമാസത്തെ ശമ്പളവും പെൻഷനും ഈയാഴ്ചയാണ് കൊടുത്തുതീർത്തത്. 31ന് തിരുവോണമായതിനാൽ സെപ്തംബറിലെ ശമ്പളവും ബോണസും ഈമാസം നൽകണം. അതിനുള്ള തുക സ്വരൂപിക്കാനുള്ള നെട്ടോട്ടത്തിലാണ് അധികൃതർ .

# വരുമാനസ്വപ്നം പൊളിഞ്ഞു

അധികവരുമാനം ലക്ഷ്യമിട്ട് കോർപ്പറേഷൻ നികുതിഘടന പരിഷ്‌കരിച്ചിരുന്നു

45 കോടിരൂപയാണ് ഇതിലുടെ പ്രതീക്ഷിച്ചത്

ലോക്ക് ഡൗണായതിനാൽ നികുതിപിരിവ് നടന്നില്ല

തിയേറ്ററുകൾ അടച്ചതിനാൽ വിനോദനികുതിയും ഇല്ലാതായി

ഇ ഗവേണൻസ് പദ്ധതി പരാജയമായതിനാൽ ഓൺലൈനായി നികുതി സ്വീകരിക്കാൻ കഴിയുന്നില്ല

# നികുതി പിരിവിലും രാഷ്‌ട്രീയം

20 വർഷത്തിനുശേഷം കെട്ടിടനികുതി പരിഷ്കരിച്ചെങ്കിലും ഗുണഫലം കോർപ്പറേഷന് ലഭിച്ചില്ല. 2016 മുതൽ മുൻകാല പ്രാബല്യത്തോടെ നികുതി പിരിക്കാൻ സർക്കാർ കഴിഞ്ഞവർഷം അനുമതി നൽകിയെങ്കിലും നഗരസഭ തിരഞ്ഞെടുപ്പ് മുന്നിൽകണ്ട് നികുതിവർദ്ധന മരവിപ്പിച്ചു. യു.ഡി.എഫിനുള്ള വോട്ട് നഷ്ടപ്പെടുമെന്ന് ഭയന്നായിരുന്നു ഭീതി. മറ്റ് നഗരങ്ങൾക്ക് കുടിശിക ഇനത്തിൽ കൂടുതൽ നികുതി ലഭിച്ചപ്പോൾ കൊച്ചിയുടെ ഖജനാവ് കാലിയായി. 2000 ചതുരശ്ര അടി വിസ്തൃതിയുള്ള വീടുകളുടെ മാത്രമേ നികുതി കൂട്ടിയുള്ളു. കച്ചവടസ്ഥാപനങ്ങളിൽ നിന്നുപോലും പുതുക്കിയ നികുതി ഈടാക്കാൻ കോർപ്പറേഷന് കഴിഞ്ഞില്ല

# ഭരണക്കാരുടെ പിടിപ്പുകേട്

കരാറുകാരുടെ ബിൽ കുടിശികയായതിനാൽ അവർ പ്രവൃത്തികൾ ഏറ്റെടുക്കാൻ തയ്യാറാകുന്നില്ല. പി.വൈ.എം.എ ഗുണഭോക്താക്കൾക്ക് നൽകേണ്ട വിഹിതം കോർപ്പറേഷൻ നൽകിയിട്ടില്ല. 900 കോടി രൂപയുടെ വാർഷിക ബഡ്‌ജറ്റ് അച്ചടിച്ച് പാസാക്കി മഷി ഉണങ്ങുന്നതിന് മുമ്പ് ഭയാനകമായ സാമ്പത്തിക പ്രതിസന്ധി ഉടലെടുത്തത് ഭരണക്കാരുടെ പിടിപ്പുകേടാണ്.

സി.കെ. പീറ്റർ

എൽ.ഡി.എഫ് കൗൺസിലർ

# കുടിശിക പിരിവ് തുടങ്ങി

അഞ്ചുലക്ഷത്തിനുമേൽ നികുതി കുടിശിക വരുത്തിയ വാണിജ്യ സ്ഥാപനങ്ങളിൽ നിന്ന് പണം പിരിച്ചെടുക്കാൻ നടപടി ആരംഭിച്ചു. ബിൽ കളക്‌ടർമാർ കൊവിഡ് നിയമങ്ങൾ പാലിച്ച് വീടുകളിലും സ്ഥാപനങ്ങളിലും നേരിട്ടെത്തി നികുതി ശേഖരിക്കും. .

കെ.ആർ. പ്രേമകുമാർ

ഡെപ്യൂട്ടി മേയർ.