തൃപ്പൂണിത്തുറ: ഒരുവശത്ത് കൊവിഡ് വ്യാപന ഭീതി. മറുവശത്ത് മഴയും കായൽ നിറയെ പായലും. തൃപ്പൂണിത്തുറയിലെ മത്സ്യത്തൊഴിലാളികളുടെ ദുരിതം ഒഴിയുന്നില്ല.ലോക്ക് ഡൗൺ നിയന്ത്രണങ്ങളെത്തുടർന്ന് മത്സ്യ ബന്ധനത്തിനും വില്പനയ്ക്കും നിയന്ത്രണം ഏർപ്പെടുത്തിയപ്പോൾ തുടങ്ങിയ ദുരിതം ഇപ്പോൾ ഇരട്ടിയായതായി മത്സ്യത്തൊഴിലാളിയായ ജയപ്രകാശ് പറഞ്ഞു. മത്സ്യ മാർക്കറ്റുകൾ അടച്ചത് പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കി. ലഭിക്കുന്ന മത്സ്യം വിൽക്കാനും കഴിയുന്നില്ല. മാർക്കറ്റുകൾ അടച്ചതിനാൽ ഇവിടെ നിന്നും മത്സ്യം വാങ്ങി വീടുകളിലെത്തിച്ചു വില്പന നടത്തുന്ന സ്ത്രീകളടക്കമുള്ളവരുടെ തൊഴിലും നഷ്ടമായി.നിയന്ത്രണം മൂലം മത്സ്യവുമായി വീടുകളിൽ പോകാൻ കഴിയില്ല.കാലാവസ്ഥാ വ്യതിയാനം മൂലം കായലിൽ മത്സ്യസമ്പത്ത് കുറഞ്ഞതായി തൊഴിലാളികൾ പറയുന്നു. കരിമീൻ അടക്കം പല മത്സ്യങ്ങളും കായലിൽ നിന്നും അപ്രത്യക്ഷമായി.ഇക്കുറി പോളപ്പായൽ നേരത്തെ എത്തി കായലുകൾ നിറയുകയാണ്.ആശ്വാസ പദ്ധതികൾ കൂടുതലും കടലോരത്തു മാത്രമായി ഒതുങ്ങുന്നതായി മത്സ്യത്തൊഴിലാളികൾ പറയുന്നു. പല ആനുകുല്യങ്ങളും കായലോര മത്സ്യത്തൊഴിലാളികൾക്ക് ലഭിക്കുന്നില്ലെന്ന പരാതിയും തൊഴിലാളികൾക്കുണ്ട്. സമ്പൂർണ ലോക് ഡൗൺ കാലത്തേക്കാൾ ദുരിതമാണ് ഇപ്പോഴുള്ളതെന്നും തൊഴിലാളികൾ പറഞ്ഞു.