തൃക്കാക്കര: ജില്ലയിൽ പ്രകൃതിക്ഷോഭം നേരിടുന്ന പ്രദേശങ്ങളിൽ അടിയന്തര ദുരിതാശ്വാസ നടപടികൾക്ക് തുടക്കം കുറിച്ചതായി ജില്ലാ കളക്ടർ എസ്. സുഹാസ് അറിയിച്ചു. തീവ്രമഴ സംബന്ധിച്ച് മുന്നറിയിപ്പ് ലഭിച്ചിട്ടുള്ള സാഹചര്യത്തിൽ എല്ലാ പ്രദേശങ്ങളിലും അതീവജാഗ്രത പുലർത്താൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ആവശ്യമായ കേന്ദ്രങ്ങളിലെല്ലാം ക്യാമ്പുകൾ ഏതുസമയത്തും തുറക്കാൻ സജ്ജമാണ്.
# ചെല്ലാനത്തും കരുതൽ
കടൽകയറ്റം നേരിടുന്ന ചെല്ലാനത്ത് തോടുകളിലെ നീരൊഴുക്ക് സുഗമമാക്കാൻ ഊർജിതശ്രമം നടക്കുന്നുണ്ട്. ബസാർതോട്ടിൽ വന്നടിഞ്ഞിരിക്കുന്ന മണലും കല്ലുകളും നീക്കംചെയ്യും. കടൽവെള്ളം കയറുന്ന മേഖലകളിൽ താമസിക്കുന്നവരെ സ്കൂളുകളിൽ തുറക്കുന്ന ക്യാമ്പുകളിലേക്ക് മാറ്റും. ബസാർ, മാലാഖപ്പടി, ചാളക്കടവ് എന്നീ പ്രദേശങ്ങളിലാണ് കടലേറ്റം രൂക്ഷം. സൗദിപ്പള്ളിയുടെ പടിഞ്ഞാറുഭാഗത്തും കടൽക്ഷോഭത്തിൽ വീടുകൾക്ക് നാശനഷ്ടമുണ്ടായിട്ടുണ്ട്.
# കോതമംഗലത്ത് ക്യാമ്പുകൾ
കോതമംഗലം താലൂക്കിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാദ്ധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവരെ ക്യാമ്പുകളിലേക്ക് മാറ്റുന്നുണ്ട്. കുട്ടമ്പുഴയിൽ പെരിയാറിൽ ജലനിരപ്പുയർന്നതിനെ തുടർന്ന് ഒറ്റപ്പെട്ട ആദിവാസിക്കുടികളിലേക്ക് സഹായമെത്തിക്കാൻ നടപടിസ്വീകരിച്ചു. കോട്ടപ്പടി, കുട്ടമംഗലം, നേര്യമംഗലം വില്ലേജുകളിൽ കാറ്റിൽ മരംവീണ് വീടുകൾക്ക് നാശനഷ്ടമുണ്ടായിട്ടുണ്ട്. നഷ്ടം തിട്ടപ്പെടുത്താൻ റവന്യൂ അധികൃതർക്ക് നിർദേശം നൽകി.
# തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണം
മലങ്കര അണക്കെട്ടിൽനിന്ന് തുറന്നുവിടുന്ന വെള്ളമെത്തുന്ന തൊടുപുഴ, കാളിയാർ, മൂവാറ്റുപുഴ നദികളിൽ ശരാശരി പ്രളയ മുന്നറിയിപ്പ് നിരപ്പായ 9.015 മീറ്ററിനടുത്ത് ജലനിരപ്പെത്തിയിട്ടുണ്ട്. ചില മേഖലകളിൽ ഈ നിരപ്പ് കഴിഞ്ഞും വെള്ളമുണ്ട്. എങ്കിലും നിലവിൽ ഒഴിപ്പിക്കൽ ആവശ്യമായ സാഹചര്യമില്ല. തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണം.
മൂവാറ്റുപുഴ, മാറാടി, വാളകം, ഐക്കരനാട്, രാമമംഗലം, പൂതൃക്ക, മണീട്, പിറവം, മുളക്കുളം, എടക്കാട്ടുവയൽ,പല്ലാരിമംഗലം, കോതമംഗലം, വാരപ്പെട്ടി, പായിപ്ര, മഞ്ഞള്ളൂർ, ആരക്കുഴ, ആവോലി, പൈങ്ങോട്ടൂർ, പോത്താനിക്കാട്, ആയവന തുടങ്ങിയ പ്രദേശങ്ങളെയാണ് മൂവാറ്റുപുഴയാറിലെ ഉയരുന്ന ജലനിരപ്പ് ബാധിക്കാൻ സാദ്ധ്യതയുള്ളത്. ഭൂതത്താൻകെട്ട് ബാരേജിലെ 15 ഷട്ടറുകളും തുറന്നിട്ടുണ്ടെങ്കിലും ബാരേജിന് താഴേക്ക് പെരിയാറിൽ നിലവിൽ ആശങ്കാജനകമായ സ്ഥിതിയില്ല.
# ഹൈറേഞ്ചിൽ ശക്തമായ മഴ
അതേസമയം ഹൈറേഞ്ചിൽ ശക്തമായ മഴ തുടരുകയാണ്. ഇടമലയാർ അണക്കെട്ടിൽ സംഭരണശേഷിയുടെ 41.69 ശതമാനം വെള്ളമാണുള്ളത്. തമിഴ്നാട്ടിലെ അപ്പർനീരാർവിയർ നിറഞ്ഞതിനെത്തുടർന്ന് വെള്ളം ലോവർ നീരാർ അണക്കെട്ടിലേക്ക് ഒഴുകുന്നുണ്ട്. മഴ തുടർന്നാൽ ലോവർ നീരാർ അണക്കെട്ട് രണ്ട് ദിവസത്തിനുള്ളിൽ നിറയാനും സ്പിൽവേ ഷട്ടറുകൾ തുറക്കാനും സാദ്ധ്യതയുണ്ട്. ഈ വെള്ളം ഇടമലാർ അണക്കെട്ടിലേക്കാണ് ഒഴുകിയെത്തുക. പെരിങ്ങൽക്കുത്ത് അണക്കെട്ടിന്റെ സ്ലൂയിസ് ഗേറ്റുകൾ തുറന്ന് വെള്ളമൊഴുക്കുന്നതിനാൽ ചാലക്കുടിപ്പുഴയിൽ ജലനിരപ്പുയർന്നിട്ടുണ്ടെങ്കിലും നിലവിൽ സ്ഥിതി നിയന്ത്രണവിധേയമാണ്.