മൂവാറ്റുപുഴ: പ്രളയരക്ഷാ മുന്നൊരുക്കത്തിന്റെ ഭാഗമായി സന്നദ്ധപ്രവർത്തകർക്ക് പരിശീലനം നല്കി. കുത്തൊഴുക്കുള്ള പുഴയിൽ ഒഴുക്കിൽപെട്ട കുട്ടിയെ രക്ഷിക്കുന്നതും, ഒഴുക്കിൽപെട്ട് നിയന്ത്രണം നഷ്ടപ്പെട്ട ബോട്ട് യന്ത്രസഹായത്തോടെ കെട്ടിവലിച്ച് കരക്കടുപ്പിക്കുന്നതും റോപ്പ് വേ ഉപയോഗിച്ച് ആളുകളെ മറുകരയിൽ എത്തിക്കുന്നതുമുൾപ്പടെയുടെ പരിശീലനമാണ് നല്കിയത് .
ഡീൻ കുര്യാക്കോസ് എം.പി.യുടെ നേതൃത്വത്തിൽ രൂപീകരിച്ചിട്ടുള്ള ഇടുക്കി ഡിസാസ്റ്റർ മാനേജ്മെന്റ് ടീമിന്റെ ആഭിമുഖ്യത്തിൽ മൂവാറ്റുപുഴയാറിലെ പുഴക്കരക്കാവ് കടവിൽ സംഘടിപ്പിച്ച പരിശീലന പരിപാടിക്ക് നീന്തൽ പരിശീലകൻ കെ.എസ്.ഷാജി, ആന്റി ഡിസാസ്റ്റർ എൻഫോഴ്സ്മെന്റ് കോ- ഓർഡിനേറ്റർ വി.ജി.ബിജുകുമാർ, റെസ്ക്യൂ ട്രെയിനർ സിറാജ് കാരക്കുന്നം എന്നിവർ നേതൃത്വം നല്കി.
ഡീൻ കുര്യാക്കോസ് എം.പി. ഉദ്ഘാടനം ചെയ്തു. പാർലമെന്റ് മണ്ഡലം കോ- ഓർഡിനേറ്റർ ജോൺസൺ മാമലശേരി അദ്ധ്യക്ഷത വഹിച്ചു.ആർ.ഡി.ഒ കെ.എൻ.ചന്ദ്രശേഖരൻ നായർ, ഡി.വൈ.എസ്. പി മുഹമ്മദ് റിയാസ്, ഫയർ ആൻഡ് റെസ്ക്യു ഓഫിസർ ടി.കെ. സുരേഷ്, എൽദോ ബാബു വട്ടക്കാവിൽ, ഡോ.ജോസുകുട്ടി ജെ. ഒഴുകയിൽ, ഐ.എ.ജി താലൂക്ക് കൺവീനർ പി.ജി.സുനിൽകുമാർ, അസീസ് കുന്നപ്പിള്ളി എന്നിവർ സംസാരിച്ചു. പാർലമെന്റ് പരിധിയിലെ ഏഴ് അസംബ്ലി മണ്ഡലങ്ങളിലും സന്നദ്ധ പ്രവർത്തകരെ കണ്ടെത്തി പരിശീലനം നല്കുമെന്ന് ഡീൻ കുര്യാക്കോസ് പറഞ്ഞു.