കൊച്ചി: തൊഴിലാളികൾ അനുഭവിക്കുന്ന അവകാശങ്ങൾക്കു പിന്നിൽ ട്രേഡ് യൂണിയനുകൾ നടത്തിയ സംഘടിതശ്രമം ഉണ്ടായിരുന്നുവെന്നും മാറിയ സാഹചര്യത്തിൽ പുതിയ പ്രവർത്തന ശൈലിയിലൂടെ ട്രേഡ് യൂണിയൻ പ്രവർത്തനം മുന്നോട്ടുകൊണ്ടുപോകേണ്ടത് ആവശ്യമാണെന്നും ഹൈക്കോടതി ജഡ്‌ജി ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് അഭിപ്രായപ്പെട്ടു. സമരങ്ങൾ മാത്രമല്ല അവകാശ സംരക്ഷണത്തിനായി ജപ്പാൻപോലുള്ള രാജ്യങ്ങളിൽ തൊഴിലാളികൾ സ്വീകരിക്കുന്ന മറ്റു രീതിയിലുള്ള പ്രതിഷേധങ്ങളെക്കുറിച്ചുകൂടി ചിന്തിക്കണം. ദേശീയ നിയമ സർവകലാശാലയായ നുവാൽസിൽ നടന്ന 'തൊഴിലാളികളുടെ അവകാശങ്ങൾ പുതിയ സഹസ്രാബ്ദത്തിൽ' എന്ന വിഷയത്തിൽ വെബിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വൈസ് ചാൻസലർ ഡോ.കെ.സി. സണ്ണി അദ്ധ്യക്ഷനായിരുന്നു.
മിയാമി ഡേഡ് കോളേജ് പ്രൊഫ. ഡാനിഷ്യ കുവാസ് മുഖ്യപ്രഭാഷണം നടത്തി. ഐ.എൽ.ഒയിലെ ലേബർ വിദഗ്ദ്ധൻ ശബരി നായർ, സുപ്രീംകോടതി അഭിഭാഷകൻ ശ്രീറാം പറക്കാട്, നുവാൽസ് രജിസ്ട്രാർ മഹാദേവ് എം.ജി, നുവാൽസ് പ്രൊഫ. ഡോ.എസ്. മിനി തുടങ്ങിയവർ പങ്കെടുത്തു. തിരഞ്ഞെടുക്കപ്പെട്ട പ്രബന്ധങ്ങൾ സമാഹരിച്ചു തയ്യാറാക്കിയ ' തൊഴിലാളികളുടെ അവകാശങ്ങൾ പുതിയ സഹസ്രാബ്ദത്തിൽ ' എന്ന പുസ്തകത്തിന്റെ പ്രകാശനം രജിസ്ട്രാർക്കു ആദ്യകോപ്പി നൽകി വൈസ് ചാൻസലർ നിർവഹിച്ചു.