കൊച്ചി: നയതന്ത്രചാനലിലൂടെയെത്തിയ ബാഗേജ് തടഞ്ഞുവച്ച കസ്‌റ്റംസ് ഉദ്യോഗസ്ഥനെ യു.എ.ഇ കോൺസുലേറ്റ് അറ്റാഷെ റാഷിദ് ഖാമിസ് അൽ ഷിമേനി രണ്ടുതവണ വിമാനത്താവളത്തിലെത്തി ഭീഷണിപ്പെടുത്തി. കസ്‌റ്റംസ് ഉദ്യോഗസ്ഥർ കർശന നിലപാടെടുത്തതോടെ ബാഗ് തുറന്നു പരിശാേധിക്കുന്നതിനുള്ള സാഹചര്യം ഒരുങ്ങുകയായിരുന്നു.
ബാഗേജ് തടഞ്ഞുവച്ചതറിഞ്ഞ് സരിത്തിനൊപ്പം അറബി വേഷത്തിലാണ് അറ്റാഷെ ആദ്യമെത്തിയത്. ബാഗേജ് നൽകിയില്ലെങ്കിൽ വിവരമറിയുമെന്ന് ഭീഷണിപ്പെടുത്തി. അടുത്ത ദിവസം ജീൻസും ടീഷർട്ടും ധരിച്ചെത്തിയ അറ്റാഷെയുടെ ഭീഷണി, ബാഗേജ് വിട്ടുനൽകിയില്ലെങ്കിൽ നയതന്ത്ര ബന്ധത്തിൽ ഉലച്ചിലുണ്ടാകുമെന്നായിരുന്നു .യു.എ.ഇയിലെ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർക്കെത്തുന്ന ബാഗും പരിശോധിക്കുമെന്നും വ്യക്തമാക്കി. അപ്പോഴും സരിത്ത് ഒപ്പമുണ്ടായിരുന്നു.
അപകടം തിരിച്ചറിഞ്ഞ ഉദ്യോഗസ്ഥൻ കൊച്ചി കസ്‌റ്റംസ് പ്രിവന്റീവ് കമ്മിഷണർ സുമിത്കുമാറിനെ കാര്യങ്ങൾ ധരിപ്പിച്ചു. കമ്മിഷണർ വിദേശകാര്യ മന്ത്രാലയത്തിന് വിവരങ്ങൾ കൈമാറി. അതോടെ അവിടത്തെ ഉദ്യോഗസ്ഥർ യു.എ.ഇ അംബാസഡറുമായി ചർച്ച നടത്തിയാണ് ബാഗേജ് തുറക്കാൻ തീരുമാനിച്ചത്. ബാഗ് തുറക്കുന്ന സമയത്ത് അറ്റാഷെയുടെ സാന്നിദ്ധമുണ്ടാകണമെന്നും അംബാസഡർ നിർദേശിച്ചു. ബാഗിൽ സ്വർണം കണ്ടെത്തിയതോടെ, ഭക്ഷ്യവസ്തുക്കൾ മാത്രമാണ് തന്റേതെന്നായ അറ്റാഷെയുടെ നിലപാട്. സ്വർണം സരിത്തിനുള്ളതാണെന്നും പറഞ്ഞു. ഇതിനു പിന്നാലെയാണ് സരിത്തിനെ കസ്‌റ്റംസ് അറസ്‌റ്റ് ചെയ്തതും, അറ്റാഷെയുടെ പങ്ക് പുറത്തു വന്നതും.ഏതെങ്കിലും തരത്തിൽ നയതന്ത്ര പരിരക്ഷ റദ്ദാക്കപ്പെട്ടാൽ അറസ്‌റ്റിലാകുമെന്ന് ഭയന്നാണ് ,എംബസിയുടെ അനുമതിയോടെ തിടുക്കപ്പെട്ട് അറ്റാഷെ രാജ്യം വിട്ടതെന്നും കസ്‌റ്റംസ് കരുതുന്നു.