കോലഞ്ചേരി: കൊവിഡിന്റെ അവതാളം, മേളക്കാരുടെ ജീവിതത്തിന്റെ താളം തെറ്റിച്ചു.താളവും മേളവുംകൊണ്ട് മനസിൽ ആവേശത്തിരയിളക്കുന്ന മേളക്കാരുടെ ജീവിതമാണ് കൊവിഡ് പ്രതിസന്ധിയിലേക്ക് തള്ളിവിട്ടത്.
ബാൻഡ്, നാസിക്ദോൾ, ശിങ്കാരിമേളം, കരകാട്ടം, മയിലാട്ടം തുടങ്ങി മേളക്കൊഴുപ്പുള്ള പരിപാടികൾക്ക് ലോക്കു വീണതോടെ അതി ജീവനത്തിന് വേണ്ടി കഷ്ടപ്പെടുകയാണിവർ. ആഘോഷങ്ങളും കല്യാണവും ഉദ്ഘാടനച്ചടങ്ങുമൊക്കെ കൊഴുപ്പിക്കുന്ന മേളം നിലച്ചിട്ട് മാസം അഞ്ചു പിന്നിടുമ്പോൾ മുന്നോട്ടുള്ള ജീവിതം ഇനി എങ്ങനെ എന്ന ചിന്തയിലാണ്. ഒരു വർഷത്തേയ്ക്കുള്ള വരുമാനം മൂന്ന് മാസത്തെ ഉത്സവ സീസണിൽ നിന്നുണ്ടാക്കുന്നവരാണ് മേളക്കാർ. ഇടയ്ക്കിടക്കുള്ള ഉദ്ഘാടന ചടങ്ങുകളും ആഘോഷങ്ങളും കൂടിയാകുമ്പോൾ പോക്കറ്റ് നിറയും.
പരിപാടികൾ അവതാളത്തിൽ
ആഘോഷങ്ങളും,പെരുന്നാളുകളും ഒഴിവാക്കി ചടങ്ങുകൾ മാത്രമായതോടെ മേളക്കാർക്കുള്ള ഇടവും നഷ്ടപ്പെട്ടു. വിവാഹച്ചടങ്ങുകൾക്ക് വിരലിലെണ്ണാവുന്ന ആളുകൾ മാത്രമെന്ന നിബന്ധന വന്നതോടെ ആ പ്രതീക്ഷയും മങ്ങി. ഡിസംബറിൽ ക്രിസ്തുമസ് കാലം വന്നെത്തിയാലും കൊവിഡിന്റെ ആശങ്ക മാറുമെന്ന പ്രതീക്ഷ കലാകാരൻമാർക്കില്ല.അപൂർവമായി ശവസംസ്‌കാരച്ചടങ്ങുകളിലും ഭാഗമാകാറുണ്ടായിരുന്നു.
കല്യാണങ്ങളിൽ ചെക്കനും പെണ്ണും മേളത്തിനൊപ്പം താളംചവിട്ടുന്നത് ട്രെൻഡായതിനാൽ ആവഴിക്കും പണം കിട്ടേണ്ടതാണ്. ഇതോടെ ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായിട്ടുള്ളത്.
#നാസിക് ദോളിനും ലോക്ക്
നാസിക് ദോൾ കൊട്ടുന്നത് ഏറെയും വിദ്യാർത്ഥികളാണ്. ഈ വരുമാനത്തിൽ നിന്ന് പഠനം മുന്നോട്ടു കൊണ്ടുപോകുന്നവരും ഏറെയാണ്. കൊവിഡ് പ്രതിരോധ ഭാഗമായി സാമൂഹിക അകലവും, കൂട്ടം കൂടലിനും നിയന്ത്രണങ്ങൾ വന്നതോടെ പരിശീലനം നടത്താനുമാകുന്നില്ല. പതിനായിരങ്ങൾ മുടക്കി വാങ്ങിയ ദോളുകളും,ഡ്രമ്മുകളും, ട്രമ്പറ്റുകളും മറ്റു സംഗീത ഉപകരണങ്ങളും നശിക്കാതെ സംരക്ഷിക്കുന്നതും ബുദ്ധിമുട്ടിലാണ്. മഴ കനക്കുന്നതോടെ ഉപകരണങ്ങളിൽ ഫംഗസ് ബാധയും പ്രധാന പ്രശ്നമാണ്.
വിഷ്ണു,
നാസിക്ദോൾ
കലാകാരൻ, കുമ്മനോട്