പറവൂർ : പ്രളയമുന്നൊരുക്കത്തിന്റെ ഭാഗമായി പറവൂർ നഗരസഭാ ഓഫീസിൽ ദുരന്ത നിവാരണ കൺട്രോൾ റൂം തുറന്നു. 24 മണിക്കൂറും പ്രവർത്തിക്കും. ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പിനെ തുടർന്ന് ചെയർമാന്റെ അദ്ധ്യക്ഷതയിൽ ജനപ്രതിനിധികളുടെ യോഗം ചേർന്നു. ആസൂത്രണ സമിതി അംഗങ്ങളും പങ്കെടുത്തു. വാർഡുകളിൽ രൂപീകരിച്ച എമർജൻസി റെസ്പോൺസ് ടീമിന്റെ മീറ്റിംഗ് വിളിക്കാൻ തീരുമാനിച്ചു. നഗരത്തിലെ പ്രധാനപ്പെട്ട സ്കൂളുകൾ ഉൾപ്പെടെ പത്തോളം കേന്ദ്രങ്ങൾ ക്യാമ്പിനായി ഒരുക്കങ്ങൾ നടത്താൻ തീരുമാനിച്ചു. ജില്ലാ കളക്ടറുടെ നിർദേശാനുസരണം തഹസിൽദാർ, പൊലീസ്, ഫയർഫോഴ്‌സ് എന്നിവരെക്കൂടി ഉൾപ്പെടുത്തി അടിയന്തര സാഹചര്യങ്ങൾ വിലയിരുത്തി നടപടിയെടുക്കുന്നതിന് ചെയർമാനെ ചുമതലപ്പെടുത്തി. കൊവിഡ് പടരുന്ന സാഹചര്യത്തിൽ നിരീക്ഷണത്തിൽ ഇരിക്കുന്നവരുടെ ലിസ്റ്റ് തയ്യാറാക്കി കൈമാറാൻ കൗൺസിലർമാരെ ചുമതലപ്പെടുത്തി. കൺട്രോൾ റൂം നമ്പർ 0484 2442327, 2442271, 9645453198.