ആലുവ: കൊവിഡ് വ്യാപനത്തെ തുടർന്ന് ജനജീവിതം ദുരിതപൂർണമായ ആലുവയിലെ സാധാരണക്കാരെയും വ്യാപാരികളെയും സഹായിക്കുന്നതിനായി പ്രത്യേക പാക്കേജുകൾ ഉടൻ പ്രഖ്യാപിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
ആലുവയിൽ കർഫ്യൂ പ്രഖ്യാപിച്ച മേഖലയിലെ കുടുംബങ്ങൾക്കും വ്യാപാരികൾക്കുമായി പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് അൻവർ സാദത്ത് എം.എൽ.എ നടത്തിയ ഏകദിന ഉപവാസം വീഡിയോ കോൺഫ്രൻസിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലത്തിലെ നിർദ്ദന കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റ്, വ്യാപാരികൾക്ക് വായ്പ മൊറൊട്ടോറിയം, പലിശയിളവ് എന്നിവ ഉടൻ പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടു. ഉദ്ഘാടന യോഗത്തിൽ ജില്ലാ യു.ഡി.എഫ് ചെയർമാൻ എം.ഒ. ജോൺ അദ്ധ്യക്ഷത വഹിച്ചു. നെടുമ്പാശ്ശേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി.വൈ. വർഗീസ്,യു.ഡി.എഫ് ചെയർമാൻ ബെന്നി ബഹനാൻ എം.പി, മുൻ മന്ത്രിമാരായ എം.കെ. മുനീർ എം.എൽ.എ, ഹൈബി ഈഡൻ എം.പി എന്നിവരും ഓൺലൈനിലൂടെ മുഖ്യാതിഥികളായി പങ്കെടുത്തു. നേതാക്കളായ കെ. ബാബു, പി.ടി തോമസ്, എ.പി അനിൽ കുമാർ, വി.പി സജീന്ദ്രൻ, ഷാഫി പറമ്പിൽ, റോജി എം. ജോൺ, ടി.ജെ വിനോദ്, കെ.എം ഷാജി, പി.സി വിഷ്ണു നാ, ബി.എ അബ്ദൂൾ മുത്തലിബ്, കെ.പി. ധനപാലൻ, ലിസി എബ്രഹാം, വി.പി ജോർജ്ജ്, ഡോ. ജി.വി ഹരി, ഐ.കെ. രാജു, ബാബു പുത്തനങ്ങാടി, മുഹമ്മദ് ഷിയാസ്, ആലുവ വ്യാപാരി അസോസിയേഷൻ പ്രസിഡന്റ് നസീർ ബാബു, റസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി റഫീക് റോയൽ തുടങ്ങിയവർ സംസാരിച്ചു.
മന്ത്രി വി.എസ്. സുനിൽകുമാർ എം.എൽ.എയെ ഫോണിൽ വിളിച്ച് ആരോഗ്യ വിവരം തിരക്കി. കേരള കോൺഗ്രസ് നേതാവ് പി.ജെ ജോസഫ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. വൈകിട്ട് അഞ്ചിന് ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ, ഇമാം അഫ്‌സൽ അസ്‌ഹരി എന്നിവർ ചേർന്ന് അൻവർ സാദത്ത് എം.എൽ.എക്ക് നാരങ്ങ നീര് നൽകി ഉപവാസ സമരം അവസാനിപ്പിച്ചു.