water
മൂഴിക്കുളം - കുറുമശേരി റോഡിൽ മൂഴിക്കുളം ജംഗ്ഷനിലെ വെള്ളക്കെട്ട്.

നെടുമ്പാശേരി: പാറക്കടവ് ഗ്രാമപഞ്ചായത്തിലെ മൂഴിക്കുളം ജംഗ്ഷനിൽ ചെറുമഴയിലും വെള്ളക്കെട്ട് രൂക്ഷം. വഴിയാത്രക്കാരെയും വ്യാപാരികളെയും ദുരിത്തതിലാക്കിയിട്ടും നടപടിയെടുക്കാൻ പഞ്ചായത്ത് അധികൃതർ തയ്യാറാകുന്നില്ലെന്ന് ആക്ഷേപം.

2016ൽ റോഡ് റീ ടാർ ചെയ്തപ്പോൾ വെള്ളം ഒഴുകിപ്പോകാനുള്ള സംവിധാനങ്ങൾ ചെയ്യാത്തതാണ് ദുരിതത്തിന് കാരണമെന്ന് നാട്ടുകാരും വ്യാപാരികളും പറയുന്നു.

10 അടിയോളം വീതിയുള്ള പൊതുമരാമത്ത് വകുപ്പ് റോഡിന്റെ പകുതി ഭാഗത്തോളം വെള്ളക്കെട്ടാണ്. കുറുമശേരി ഭാഗത്തേക്ക് പോകുമ്പോൾ റോഡിന്റെ വലതുവശത്ത് 500 മീറ്ററോളമാണ് വെളക്കെട്ട്. വെള്ളക്കെട്ട് ഒഴിവാക്കാൻ വാഹനങ്ങൾ എതിർവശത്തേക്ക് നീക്കുന്നത് അപകടത്തിന് വഴിവെയ്ക്കും. കുറുമശേരി ഭാഗത്ത് നിന്ന് വാഹനം വന്നാൽ വെള്ളം തെറിപ്പിച്ച് പോകുന്ന അവസ്ഥയാണ്.

വഴിയാത്രക്കാർക്കും വ്യാപാരികൾക്കും തടസമാകുന്ന വെള്ളക്കെട്ട് ഒഴിവാക്കാൻ അടിയന്തര നടപടി വേണമെന്നും അല്ലെങ്കിൽ ശക്തമായ സമരമാരംഭിക്കുമെന്നും ബി.ജെ.പി പാറക്കടവ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് രാഹുൽ പാറക്കടവ് അറിയിച്ചു.