കിഴക്കമ്പലം: മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി കിഴക്കമ്പലം അച്ചപ്പൻകവലയ്ക്കു സമീപമുള്ള തോട് ശുചീകരണം നടത്താത്തത് മൂലം ജംഗ്ഷനിൽ വെള്ളക്കെട്ടിനു സാദ്ധ്യത. മുൻ വർഷങ്ങളിൽ വാഹനഗതാഗതം തടസപ്പെടുത്തുന്ന തരത്തിലുള്ള വെള്ളക്കെട്ടും അപകടങ്ങളും ഉണ്ടായിട്ടും അധികൃതർ തോട് ശുചീകരിക്കുവാൻ നടപടി സ്വീകരിച്ചില്ലെന്നാണ് നാട്ടുകാർ ആരോപണം. തോടിനു സമീപം താമസിക്കുന്ന വൃദ്ധയ്ക്ക് മഴക്കാലമാകുമ്പോൾ ഇവിടെ നിന്നു മാറിത്താമസിക്കേണ്ട അവസ്ഥയിലാണ്. വെള്ളം കയറി വീടു നശിച്ചിട്ടും വൃദ്ധയ്ക്ക് സഹായമൊന്നും ലഭിച്ചിട്ടില്ലെന്ന് ആക്ഷേപമുണ്ട്.
#പരാതി നൽകിയിട്ടും നടപടിയില്ല
തോട് ശുചീകരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ കുന്നത്തുനാട് പഞ്ചായത്തിനു പരാതി നൽകിയെങ്കിലും നടപടി സ്വീകരിച്ചിട്ടില്ല .വഴിയാത്രക്കാർ അപകടത്തിൽപ്പെടാതിരിക്കാൻ കൈവരികളും സ്ഥാപിച്ചിട്ടില്ല. സമീപത്തെ പാടശേഖരത്തിൽ ടവർ ലൈൻ സ്ഥാപിക്കുന്നതിനായി താത്കാലികമായി മണ്ണിട്ട് റോഡ് നിർമിച്ചെങ്കിലും നിർമാണ ശേഷം മണ്ണെടുത്ത് മാറ്റിയിട്ടില്ല. ഇത് പാടശേഖരത്തിലെ വെള്ളക്കെട്ട് വർദ്ധിക്കുവാൻ കാരണമാകുന്നുണ്ട്. കരാറെടുത്തവരുടെ പാളിച്ചയാണ് മണ്ണെടുത്ത് മാറ്റാത്തിന്റെ കാരണം.