kacheri-maithanam-court
പറവൂർ മുൻസീഫ് കോടതിയുടെ സമീപം കാടുപിടിച്ചുപ്പോൾ.

പറവൂർ: ഒരു നൂറ്റാണ്ടിനി​ടെ നിരവധി ചരിത്ര വിധികൾക്ക് സാക്ഷ്യംവഹിച്ച പറവൂരിലെ കച്ചേരിമൈതാനം കാടുപി​ടിച്ചി​ട്ടും തിരി​ഞ്ഞുനോക്കാനാളി​ല്ല. വെള്ളക്കെട്ടിലും അന്ധകാരത്തി​ലുമാണ് ഇവി​ടം. സ്വാതന്ത്രദിനാഘോഷങ്ങളുടെ പ്രധാന പരിപാടികൾ നടക്കുന്നത് കച്ചേരി മൈതാനിയിലാണ്.

മുൻഭാഗത്ത് പൂന്തോട്ടം നിർമ്മിച്ച് ശോഭ വർദ്ധിപ്പിച്ചിട്ടുണ്ടെങ്കിലും മറ്റു ഭാഗങ്ങളുടെ അവസ്ഥ വളരെ ദയനീയമാണ്. മൈതാനമായിരുന്ന പിൻഭാഗത്താണ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി. ഇതിനു സമീപം ചെടികളും വള്ളികളും പടർന്നു പിടിച്ച് കാടു പോലായി​. മഴ തുടങ്ങിയതോടെ മൈതാനിയുടെ പല ഭാഗവും വൃത്തിഹീനമാണ്. കച്ചേരി വളപ്പിനുള്ളിലുള്ള സബ് ട്രഷറി ഓഫീസിന് മുന്നിൽ വെള്ളക്കെട്ടാണ്. ടൈലുകളുടെ വിടവിലും മാലിന്യം നിറഞ്ഞതോടെ ചെളിക്കുണ്ടായി. ട്രഷറിക്കു പിന്നിൽ പൊലീസ് സ്റ്റേഷനോട് ചേർന്നു കിടക്കുന്ന ഭാഗത്തും ചെളിപിടിച്ചു.

#മി​ഴി​തുറക്കാത്ത വഴിവിളക്കുകൾ

ലക്ഷങ്ങൾ ചെവഴിച്ച് ഒരുക്കിയ മൈതാനിയിലെ വഴിവിളക്കുകൾ ഒട്ടുമിക്കതും തെളിയുന്നില്ല. ചിലത് നശിച്ച് തലയൊടിഞ്ഞ് കിടക്കുന്നു. രാത്രിയിൽ ഇവിടെ കൂരിരുട്ടാണ്. തെരുവുനായകളും സമൂഹ്യവിരുദ്ധരുടെയും കേന്ദ്രമാണ്. ആറു കോടതികൾ, സബ് ട്രഷറി, താലൂക്ക് ഓഫിസ്, സബ് റജിസ്ട്രാർ ഓഫീസ് എന്നിവ കച്ചേരിമൈതാനിയിൽ പ്രവർത്തിക്കുന്നുണ്ട്. മിനി സിവിൽ സ്റ്റേഷൻ, കെ.എസ്.ഇ.ബി ഓഫിസ്, പൊലീസ് സ്റ്റേഷൻ എന്നിവ സമീപത്തുണ്ട്. ദിനംപ്രതി ആയിരങ്ങളെത്തുന്ന സ്ഥലമാണ്. ഏതാനും വർഷങ്ങൾക്കു മുമ്പ് ടൂറിസം വകുപ്പിന്റെ ഒന്നേകാൽ കോടി മുടക്കി നവീകരിച്ചിരുന്നു.

#ശുചീകരണം നടത്തുന്നുണ്ട്

സ്വാതന്ത്ര്യ ദിനത്തിനു മുമ്പ് മൈതാനിയിലെ കാടും പടലും പൂർണമായി വെട്ടിത്തെളിക്കും. മൈതാനിയിൽ രണ്ട് ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. ടൈലുകൾ നന്നാക്കുന്നതിനായി പി.ഡബ്ലി.യു.ഡി അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. കച്ചേരിമൈതാനിയുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലുമായി നഗരസഭയ്ക്കുള്ള കരാർ മാർച്ചി​ൽ അവസാനിച്ചു. കൊവിഡിന്റെ സാഹചര്യത്തിൽ പുതുക്കാനായില്ല. ദിവസേനയുള്ള ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്.

പ്രദീപ് തോപ്പിൽ ,നഗരസഭ ചെയർമാൻ