ആലുവ: സഹപ്രവർത്തകന് കൊവിഡ് ബാധിച്ചതിനെ തുടർന്ന് ക്വാറന്റെയിനിൽ ഇരുന്ന 18 ജീവനക്കാരിൽ ഒരാൾക്കുകൂടി രോഗം സ്ഥിരീകരിച്ചത് ആലുവ ഫയർ സ്റ്റേഷന്റെ പ്രവർത്തനത്തെ ബാധിക്കും.
കഴിഞ്ഞമാസം 27ന് ഇതേ ഓഫീസിലെ പുത്തൻകുരിശ് സ്വദേശിയായ ഒരാൾക്ക് കൊവിഡ് ബാധിച്ചതിനെ തുടർന്നാണ് മൊത്തം ജീവനക്കാരും ക്വാറന്റെയിനിലായത്. അന്ന് കൊവിഡ് ബാധിച്ചയാൾക്കൊപ്പമുള്ള ഷിഫ്റ്റിൽ ജോലി ചെയ്തിരുന്ന 15 പേർ അവരവരുടെ വീടുകളിലും അടുത്ത ഷിഫ്റ്റുകാരായ 18 പേർ ആലുവ ഫയർ സ്റ്റേഷനിലുമാണ് ക്വാറന്റെയിനിലിരുന്നത്. ക്വാറന്റെയിൻ കാലാവധി തീരുന്നതിന് നാല് ദിവസം ബാക്കി നിൽക്കേയാണ് തിരുവനന്തപുരം സ്വദേശിയായ ജീവനക്കാരന് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. നേരിയ പനി അനുഭവപ്പെട്ടതിനെ തുടർന്നാണ് കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയത്.
കൊവിഡ് സ്ഥിരീകരിച്ചതോടെ ഇയാൾക്കൊപ്പം ഓഫീസിൽ ക്വാറന്റെയിനിൽ ഉണ്ടായിരുന്നവർ വീണ്ടും ക്വാറന്റെയിനിലാകും. ഇയാൾക്കൊപ്പമുണ്ടായിരുന്നവരെല്ലാം കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ കൊവിഡ് ടെസ്റ്റിൽ നെഗറ്റീവായിരുന്നെങ്കിലും കൂട്ടത്തിലുള്ളയാൾക്ക് പോസിറ്റീവ് സ്ഥിരീകരിച്ചതാണ് പ്രശ്‌നമായത്. മുഴുവൻ ജീവനക്കാരും ക്വാറന്റെയിനിലായെങ്കിലും ആലുവ ഫയർസ്റ്റേഷന്റെ സേവനം മുടങ്ങിയിരുന്നില്ല. പാതാളം, അങ്കമാലി, പെരുമ്പാവൂർ, പട്ടിമറ്റം ഫയർ സ്റ്റേഷനുകളുടെ സേവനമാണ് അത്യാവശ്യഘട്ടങ്ങളിൽ ഉപയോഗിച്ചിരുന്നത്.